pala

സി.പി.എമ്മിനും കോൺഗ്രസിനും നേട്ടം

 ജോസ് വിഭാഗത്തിന് കോട്ടം

പാലാ: നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി പാലാ ചുവന്നു; ഭരണം ഇടത് മുന്നണിക്ക്. 26 അംഗ കൗൺസിലിൽ ഇടത് മുന്നണിക്ക് 17 സീറ്റിന്റെ മേൽക്കൈ. യു.ഡി.എഫിന് 8 സീറ്റിൽ ഒതുങ്ങേണ്ടി വന്നു. ഒരു സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞതവണ 20 സീറ്റിൽ മത്സരിച്ച് 17 സീറ്റും ഒറ്റയ്ക്ക് നേടിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ സംബന്ധിച്ച് ഈ വിജയത്തിൽ അമിത ആഹ്‌ളാദത്തിന് വകയില്ല. നഗരഭരണം പിടിച്ചെടുത്തെങ്കിലും ഇത്തവണ ജോസ് വിഭാഗത്തിന് 10 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാൽ കഴിഞ്ഞ തവണ 2 സീറ്റിൽ മാത്രം വിജയിച്ച സി.പി.എമ്മിന് ഇത്തവണ 5 സീറ്റിന്റെ നേട്ടമുണ്ട്. ഓരോന്ന് വീതം സി.പി.ഐയ്ക്കും എൻ.സി.പിക്കും ലഭിച്ചു.
കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അടിയേ പറിഞ്ഞപ്പോൾ കഴിഞ്ഞ കൗൺസിലിൽ കേവലം 3 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ എണ്ണം ഇരിട്ടിയാക്കി നിലമെച്ചപ്പെടുത്തി. ജോസഫ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പടവന്റെയും ജോസ് വിഭാഗത്തിൽ ചെയർമാൻ പദവി മോഹിച്ചിരുന്ന ബിജു പാലൂപടവന്റെയും മുൻ ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെയും പരാജയം ദയനീയമായി. ശ്രീനാരായണീയരെ അവഹേളിച്ചതായി ആരോപണമുയർന്ന ബിജു പാലൂപ്പടവനെ പരാജയപ്പെടുത്താൻ ഈഴവ സമൂഹവും ശക്തമായി രംഗത്തുണ്ടായിരുന്നു. ജോസഫ് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പടവനെ മുട്ടുകുത്തിച്ച ജോസ് വിഭാഗം പാലാ മണ്ഡലം പ്രസിഡന്റുകൂടിയായ ആന്റോ പടിഞ്ഞാറെക്കരയ്ക്കാണ് നഗരസഭാ ചെയർമാനാവാനുള്ള ആദ്യ ഊഴം. തുടർന്ന് ആകെ പോൾചെയ്തതിൽ 90 ശതമാനം വോട്ടോടെ മിന്നും വിജയം നേടിയ അഡ്വ. ബിനു പുളിക്കകണ്ടത്തിന് ചെയർമാൻ പദവി കിട്ടും. ജോസ് വിഭാഗത്തിലെ ഷാജു തുരുത്തനും തോമസ് പീറ്ററും ബൈജു കൊല്ലംപറമ്പിലും ചെയർമാൻ സ്ഥാനത്തിന് ഊഴം തേടിയിട്ടുണ്ടങ്കിലും പാർട്ടി നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല.
യഥാർത്ഥ കേരളാകോൺഗ്രസ് ആരാണന്ന് പാലായിലെ ജനങ്ങൾ ഒന്നുകൂടി ബോദ്ധ്യപ്പെടുത്തിയതായി ജോസ്‌കെ.മാണി എം.പി പറഞ്ഞു. കോൺഗ്രസ് വളരെ നിർണായകമായ പോരാട്ടമാണ് നടത്തിയതെന്നും കൂടുതൽ സീറ്റ് നൽകി ജയിപ്പിച്ച ജനങ്ങളോട് നന്ദി പറയുന്നതായും കോൺഗ്രസ് നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതായും തുടർന്നും പൊതു പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമെന്നും ജോസഫ് വിഭാഗം നേതാവ് കുര്യാക്കോസ് പടവൻ പറഞ്ഞു.

കക്ഷി നില

കേരള കോൺഗ്രസ് ജോസ് 11, കോൺഗ്രസ് 5, സി.പി.എം 4, കേരള കോൺഗ്രസ് (ജോസഫ്) 3, എൻ.സി.പി 1, സി.പി.ഐ 1, സ്വതന്ത്രൻ 1