rajan

പാലാ: 'പൊക്കമില്ലായ്‌മയിൽ നിന്ന് ' മുത്തോലി ഗ്രാമപഞ്ചായത്തിനെ വികസനപ്പൊക്കത്തിൽ എത്തിച്ചതിന്റെ ക്രെഡിറ്റിൽ രാജൻ മുണ്ടമറ്റം ഇത്തവണയും വിജയിച്ചു. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ ജയിച്ച സംസ്ഥാനത്തെ പുരുഷ സ്ഥാനാർത്ഥികളിൽ ഏറ്റവും പൊക്കം കുറഞ്ഞയാളാണ് 49കാരനായ രാജൻ.

കഴിഞ്ഞ തവണ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന രാജന്റെ പൊക്കം നാലടിയാണ്. മുത്തോലി ഗ്രാമ പഞ്ചായത്തിന് പലവട്ടം സംസ്ഥാന, ജില്ലാതല മികവിന്റെ പുരസ്‌കാരം കൊണ്ടുവന്നതിനു പിന്നിൽ 'കൊച്ചു രാജൻ ' തന്നെ.
പതിനെട്ട് വർഷമായി തുടർച്ചയായി പഞ്ചായത്തു മെമ്പറാണ്. 2002ൽ അച്ഛൻ രാമകൃഷ്ണൻ മുണ്ടമറ്റമായിരുന്നു പ്രസിഡന്റ്. അദ്ദേഹം മരണമടഞ്ഞപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാജൻ ആദ്യമായി പഞ്ചായത്തിന്റെ പടി ചവിട്ടുന്നത്.

2010മുതൽ മൂന്നു വർഷത്തോളം പ്രസിഡന്റായിരുന്നു. 2005ലും 2015ലും വൈസ് പ്രസിഡന്റുമായി. വിവിധ വാർഡുകളിൽ മാറിമാറി നിന്നാണ് രാജന്റെ വിജയങ്ങളെല്ലാം. ഇത്തവണ മുത്താലി വാർഡിലാണ് ജനവിധി തേടിയത്.
കേരളാ കോൺഗ്രസ് എം പ്രതിനിധിയായ രാജന് കെ. എം. മാണിയുമായി അടുത്ത ബന്ധമായിരുന്നു. ഭാര്യ ഷീജ സഹകരണ ബാങ്ക് ഉദ്യോഗസ്ഥയാണ്. ധ്രുവ ലക്ഷ്മി, ദക്ഷ് ധാർമ്മിക് എന്നിവരാണ് മക്കൾ.