കുമരകം: കുമരകം തിരുവാർപ്പ് പഞ്ചായത്തുകളിൽ ഇടതുപക്ഷം ഭരണം നിലനിർത്തിയപ്പോൾ അയ്മനം ആര് ഭരിക്കുമെന്നതിൽ അനശ്ചിതത്വം നിലനിൽക്കുന്നു. അയ്മനത്തെ 20 വാർഡുകളിൽ പത്തിടത്ത് എൽ.ഡി.എഫ് വിജയിച്ചപ്പോൾ എൻ.ഡി.എ ഏഴ് വാർഡുകളും യു.ഡി.എഫ് മൂന്ന് വാർഡുകളും സ്വന്തമാക്കി. പതിനാറ് വാർഡുകളുള്ള കുമരകത്ത് കഴിഞ്ഞ തവണത്തെ ഒൻപത് സീറ്റുകൾ നിലനിറുത്തി എൽ.ഡി.എഫ് കേവലം ഭൂരിപക്ഷം നേടി. നാല് വാർഡുകളിൽ വിജയിച്ച് എൻ.ഡി.എ സഖ്യം ചരിത്രത്തിലാദ്യമായി പഞ്ചായത്തിൽ മുഖ്യ പ്രതിപക്ഷമായി. കഴിഞ്ഞ തവണ നാല് വാർഡിൽ വിജയിച്ച യു.ഡി.എഫ് ഇത്തവണ മൂന്നിലേക്കൊതുങ്ങി. തിരുവാർപ്പിൽ ആകെയുള്ള പതിനെട്ട് വാർഡുകളിൽ പതിനൊന്നിലും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് ആറ് വാർഡുകളിലും,എസ്.ഡി.പി.ഐയും ബി.ജെ.പിയും ഒരോ വാർഡുകളും സ്വന്തമാക്കി.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ഏ.കെ.ആലിച്ചനും വൈസ് പ്രസിഡന്റായിരുന്ന സാലി ജയചന്ദ്രനും പരാജയപ്പെട്ടത് അയ്മനത്ത് ഇടതുമുന്നണിക്ക് തിരിച്ചടിയായി.