jos

കോട്ടയം: ചെങ്കൊടിയുടെ തണലിൽ നിന്ന് രണ്ടില വീശി ജോസ് കെ. മാണി നയിച്ച പട യു.ഡി.എഫ് കോട്ടകൊത്തളങ്ങൾ ഇടിച്ചു തകർത്തു. കോട്ടയം ഇടതു കോട്ടയായി മാറുന്ന പുതിയ ചരിത്രമെഴുതി . തങ്ങളില്ലെങ്കിൽ യു.ഡി.എഫ് ഒന്നുമല്ലെന്ന് തെളിയിച്ചത് പുറത്താക്കിയതിന്റെ മധുര പ്രതികാരവുമായി .

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ 22ൽ 14 സീറ്റ് ഇടതു മുന്നണി നേടിയപ്പോൾ പകുതി നേടാനേ യു.ഡി.എഫിന് കഴിഞ്ഞുള്ളൂ. 11 ബ്ലോക്കിൽ ഈരാറ്റുപേട്ട ഒഴിച്ച് 10ഉം ഇടതു മുന്നണി നേടി. ആറ് നഗരസഭകളിൽ പാലാ നേടിയതിനു പുറമേ മറ്റുള്ളിടത്ത് യു.ഡി.എഫിന് ഒപ്പമെത്തി ആർക്കും ഭൂരിപക്ഷ മില്ലാത്ത അവസ്ഥ ഉണ്ടാക്കാൻ എൽ.ഡി.എഫിനായി. 71 ഗ്രാമപഞ്ചായത്തിൽ 39 എണ്ണവും സ്വന്തമാക്കി.

വാസവനും കൈകോർത്ത വിജയം

ജോസ് പക്ഷത്തിന് യു.ഡി.എഫിനെ തകർക്കാൻ കഴിയുമെന്നത് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ കണക്കു കൂട്ടലായിരുന്നു . ജില്ലാ പഞ്ചായത്തിൽ സി.പി.എമ്മിനൊപ്പം ജോസിനും ഒമ്പതു സീറ്റു നൽകിയത് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സീറ്റുകൾ എടുത്തായിരുന്നു. ജോസിന് കൂടുതൽ സീറ്റ് നൽകി നാല് സീറ്റിൽ ഒതുക്കിയതിൽ സി.പി.ഐ ഇടഞ്ഞെങ്കിലും മൂന്നിടത്തും അവർക്ക് ജയിക്കാനായത് ജോസ് വിഭാഗത്തിന്റെ കരുത്തിലാണ്. പതിനൊന്ന് ഇടതു മുന്നണി ഘടകകക്ഷികളെയും പിണക്കാതെ ജോസിന് കൂടുതൽ സീറ്റ് നൽകിയത് യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ ഇടിച്ചു കയറാനുള്ള വഴിയുമൊരുക്കി. പാലാ നഗരസഭയ്ക്കു പുറമേ പുതുപ്പള്ളി, മണർകാട് തുടങ്ങിയ യു.ഡി.എഫ് കോട്ട പിടിച്ചെടുക്കാനും ഇത് വഴിയൊരുക്കി.

കോൺഗ്രസിന് ക്ഷീണം, ബീ.ജെ.പിക്ക് നേട്ടം

ജോസിന്റെ അത്ര ശക്തിയില്ലാത്ത ജോസഫിന് കൂടുതൽ സീറ്റ് നൽകിയെന്ന പരാതി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വ്യാപകമായുണ്ടായിരുന്നു . ജില്ലാ പഞ്ചായത്തിൽ എട്ടു സീറ്റ് നൽകിയ ജോസഫിന് രണ്ടിടത്തേ ജയിക്കാനായുള്ളൂ. ഇതേ ചൊല്ലിയുള്ള വിവാദം വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചർച്ചയാകുന്നതിന് പുറമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസഫിന്റെ സീറ്റ് കുറയ്ക്കാനും വഴിയൊരുക്കിയേക്കും .

അരഡസനോളം പഞ്ചായത്തുകൾ പിടിച്ചെടുത്തതിനു പുറമേ നിരവധി നഗരസഭകളിൽ അടക്കം നിർണായക ശക്തിയാകാനും പലയിടത്തും രണ്ടാമതെത്താനും കഴിഞ്ഞത് ജില്ലയിൽ ബി.ജെ.പിയുടെ വളർച്ചയുടെ തെളിവായി.

ജില്ലാ പഞ്ചായത്ത്

2015ൽ

കോൺഗ്രസ് - 8

ജോസ് വിഭാഗം 4

സി.പി.എം -6

സി.പിഐ -1

ജനപക്ഷം -1

2020 ൽ

ഇടതു മുന്നണി 14

(സി.പി.എം-6

ജോസ് വിഭാഗം -5

സി.പി.ഐ -3)

കോൺഗ്രസ് - 4

ജോസഫ് -2

ജനപക്ഷം -1

മാൻ ഒഫ് ദി മാച്ച്

ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ മൂന്നു മുന്നണികൾക്കെതിരെ മത്സരിച്ച് വലിയ ഭൂരിപക്ഷത്തിൽ ജനപക്ഷം സ്ഥാനാർത്ഥി ഷോൺ ജോർജ് വിജയിച്ചു. നിയമസഭാ മണ്ഡലത്തിൽ മുന്നണി സ്ഥാനാർത്ഥികളെ തോൽപ്പിച്ച് വൻ ഭൂരിപക്ഷം നേടിയ പിതാവ് പി.സി.ജോർജിന്റെ വിജയം ഓർമപ്പെടുത്തുന്നതാണ് ഈ വിജയം.