kottayam

ഇരു നഗരസഭകളിലും ആർക്കും ഭൂരിപക്ഷമില്ല

കോട്ടയം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിൽ ഫോട്ടോ ഫിനിഷ്. ഇരു നഗരസഭകളും ആര് ഭരിക്കുമെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. രണ്ടിടത്തും നിർണ്ണായകമാകുക സ്വതന്ത്രൻമാരും ബി.ജെ.പിയുമാണ്.

കോട്ടയം നഗരസഭയിൽ ആകെയുള്ള 52 ൽ 22 സീറ്റുകളിൽ വിജയിച്ചത് ഇടതുമുന്നണിയാണ്. 21 സീറ്റുകളിലായിരുന്നു യു.ഡി.എഫ് വിജയം. ഒരു സീറ്റിൽ വിജയിച്ചത് കോൺഗ്രസ് വിമതനാണ്. എട്ടു സീറ്റ് നേടിയ എൻ.ഡി.എയുടെ പിൻതുണയില്ലാതെ ആർക്കും നഗരസഭയിൽ ഭരണമുറപ്പിക്കാനാവില്ല. 52ാം വാർഡിൽ കോൺഗ്രസ് റിബലായി മത്സരിച്ച ബിൻസി സെബാസ്റ്റ്യൻ എട്ടു വോട്ടിനാണ് വിജയിച്ചത്. സീറ്റ് തർക്കത്തെ തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ പിൻതുണയോടെയാണ് ഇവിടെ റിബലായി ബിൻസി രംഗത്തെത്തിയത്. ബിൻസി ആർക്കൊപ്പം നിൽക്കുമെന്നത് കോട്ടയം നഗരസഭയിൽ നിർണായകമാകും. ഇത്തമൊരു സാഹചര്യത്തിൽ ബിൻസിക്ക് ചെയർപേഴ‌്‌സൺ പദവി പോലും മുന്നണികൾ വാഗ്ദാനം ചെയ്തേക്കാം.

ഏറ്റുമാനൂർ നഗരസഭയിലും ബി.ജെ.പി തന്നെയാകും നിർണ്ണായകമാകുക. ഇവിടെ ആറു സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. 11 സീറ്റിൽ എൽ.ഡി.എഫും 12 സീറ്റിൽ യു.ഡി.എഫും ആറു സീറ്റിൽ സ്വതന്ത്രരുമാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയപാർട്ടികളുടെ പിൻതുണയോടെ മത്സരിച്ചവരാണ് ആറു പേരും. സ്വതന്ത്രരുടെ പിൻതുണയും ബി.ജെ.പിയുടെ നിലപാടും ഏറ്റുമാനൂരിലും നിർണ്ണായകമാകും.