പാലാ: കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന രാമപുരത്ത് ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. 18 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ യു.ഡി.എഫിന് 8 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫിൽ കേ.കോൺഗ്രസ് (എം) 5 സീറ്റ് നേടി: ബി.ജെ.പി മൂന്നും സ്വതന്ത്രർ രണ്ട് സീറ്റുകളിലും വിജയിച്ചു.കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് ഉഴവൂർ ഡിവിഷൻ സ്ഥാനാർത്ഥിയുമായ ബിജു പുന്നത്താനം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി പീറ്റർ, മുൻ മണ്ഡലം പ്രസിഡന്റ് ഡി.പ്രസാദ്, യു.ഡി.എഫ് പാനലിനെ നയിച്ച സഹകരണ ബാങ്ക് പ്രസിഡന്റ് വി.എ.ജോസ് (ഏപ്പച്ചൻ) ഉഴുന്നാലിൽ എന്നിവർ പരാജയപ്പെട്ടത് യു.ഡി.എഫിന് പ്രഹരമായി.
ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ ഉൾപ്പെടെ മികച്ച വിജയം കൈവരിച്ചിട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിൽ മുന്നേറാൻ കഴിഞ്ഞില്ല.
മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് നേതാവുമായ ബൈജു ജോൺ പുതിയിടത്തുചാലിൽ പഴമല ബ്ലോക്ക് ഡിവിഷനിൽ നിന്നും വിജയിച്ചു. ജോസ് വിഭാഗത്തിലെ സ്മിത അലക്‌സ് രാമപുരം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.