ldf

കോട്ടയം: ഉമ്മൻചാണ്ടിയുടെ സുവർണജൂബിലി വർഷത്തിൽ പുതുപ്പള്ളിയിൽ അട്ടിമറി വിജയം നേടി എൽ.ഡി.എഫ്. പുതുപ്പള്ളി പഞ്ചായത്തിലാണ് കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഇടതു മുന്നണി ഭരണം ഉറപ്പിക്കുന്നത്. ആകെയുള്ള 18 സീറ്റിൽ രണ്ട് സ്വതന്ത്രരുടെ പിൻതുണയോടെ ഒൻപത് സീറ്റാണ് ഇടതു മുന്നണി ഉറപ്പിച്ചത്.

ഏഴ് സീറ്റുള്ള യു.ഡി.എഫും, രണ്ട് സീറ്റുള്ള ബി.ജെ.പിയും ഒന്നിച്ചു നിന്നാലേ ഇനി പുതുപ്പള്ളിയിൽ കോൺഗ്രസിനും യു.ഡി.എഫിനും ഭരണം സാധിക്കൂ.

വൻ ഭൂരിപക്ഷത്തിൽ എതിരില്ലാതെ കോൺഗ്രസ് ഭരിച്ചിരുന്ന പഞ്ചായത്തിലാണ് ഇക്കുറി കോൺഗ്രസിനു വൻ തിരിച്ചടി നേരിട്ടത്. ഉമ്മൻചാണ്ടിയുടെ വീട് ഉൾപ്പെടുന്ന പഞ്ചായത്താണ് പുതുപ്പള്ളി. ഉമ്മൻചാണ്ടി നേരിട്ടാണ് ഇവിടെ സ്ഥാനാർത്ഥികളെയും പ്രസിഡന്റിനെ പോലും നിശ്‌ചയിക്കുന്നത്. ഉമ്മൻചാണ്ടിക്ക് സ്വാധീനമുള്ള വാർഡിലെ തിരിച്ചടിക്ക് കാരണം കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു.

മുൻപ് പഞ്ചായത്ത് പ്രസിഡന്റ് നെബു ജോണിനെ പുതുപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതുപ്പള്ളിയിൽ തിരിച്ചടി ഉണ്ടായത്.

നേരത്തെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും യു.ഡി.എഫിനു അപ്രമാദിത്വമായിരുന്നു. ഇക്കുറി പുതുപ്പള്ളി, മണർകാട്, അകലക്കുന്നം, പഞ്ചായത്തുകൾ യു.ഡി.എഫിനു നഷ്‌ടമായി. മീനടം പഞ്ചായത്തിൽ നേരിയ ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തിയപ്പോൾ പാമ്പാടി,കൂരോപ്പട പഞ്ചായത്തുകളിലും അധികാരം നഷ്ടമായി. അയർക്കുന്നത്തും അധികാരത്തിലെത്താനുള്ള സാദ്ധ്യത മങ്ങി. വാകത്താനം പഞ്ചായത്ത് എൽ.ഡി.എഫ്. നിലനിർത്തി.

പുതുപ്പള്ളി നിയോജമണ്ഡലം ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്തിൽ പാമ്പാടി, അയർക്കുന്നം, വാകത്താനം, കിടങ്ങൂർ ഡിവിഷനുകളിൽ യു.ഡി.എഫ് ജയിച്ചു. നിയോജകമണ്ഡലം പരിധിയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതിനാണ് നേട്ടം.