കട്ടപ്പന: എൽ.ഡി.എഫിനു ഭൂരിപക്ഷമുള്ള കാഞ്ചിയാർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ബി.ജെ.പിക്ക്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായതിനാൽ നരിയംപാറയിലെ സംവരണ വാർഡിൽ ഇരുമുന്നണികളെയും അട്ടിമറിച്ച് ബി.ജെ.പി. സ്ഥാനാർത്ഥി സുരേഷ് കെ.സി. 81 വോട്ടുകൾക്ക് വിജയിച്ചു. 386 വോട്ടുകളാണ് സുരേഷ് നേടിയത്. കാഞ്ചിയാറിൽ ജയിച്ച ഏക ബി.ജെ.പി. സ്ഥാനാർത്ഥിയും ഇദ്ദേഹമാണ്. എൽ.ഡി.എഫ്. സ്ഥാനാർത്ഥി സനീഷ് ശ്രീധരൻ 305 വോട്ടുകളും യു.ഡി.എഫ്. സ്ഥാനാർത്ഥി സുരേഷ്‌കുമാർ എം.കെ. 218 വോട്ടുകളും നേടി. പഞ്ചായത്തിലെ 16 വാർഡുകളിൽ ഒൻപതും നേടിയ എൽ.ഡി.എഫിനു കേവല ഭൂരിപക്ഷമുണ്ടെങ്കിലും സംവരണ വാർഡിൽ തോറ്റതിനാൽ പ്രസിഡന്റ് സ്ഥാനം ലഭിക്കില്ല. യു.ഡി.എഫിന് ആറു സീറ്റുകളാണ് ലഭിച്ചത്.