കോട്ടയം: രണ്ടു ദിവസം മുൻപ് മാത്രം വിവാഹിതനായ നവവരനാണ് ഇനി കുറിച്ചിയുടെ നായകൻ. ഇടതു കോട്ടയായിരുന്ന കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്ത കോൺഗ്രസ്, ആ കോട്ട കാക്കാൻ ഇക്കുറി നിയോഗിച്ചത് കൂട്ടത്തിലെ ബേബിയായ പി.കെ വൈശാഖിനെയാണ്. വോട്ടെടുപ്പ് കഴിഞ്ഞ വൈശാഖ് നേരെ പോയത് വിവാഹപ്പന്തലിലേയ്‌ക്കാണ്. കുടമാളൂർ സ്വദേശിയായ സൂര്യ ബിനുവിനെ വോട്ടെടുപ്പിനു ശേഷമാണ് വൈശാഖ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നേരെ കൗണ്ടിംഗ് സെന്ററിലെത്തി, നെഞ്ചിടിപ്പോടെ കാത്തിരുന്ന വൈശാഖിന് ഇരട്ടിമധുരമായി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയ്‌ക്കുള്ള വിജയം. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കഴിഞ്ഞ തവണ ഡോ.ശോഭാ സലിമോനിലൂടെയാണ് തിരികെ പിടിച്ചത്. ഈ കോട്ട കാക്കാനാണ് ഇക്കുറി കോൺഗ്രസ് വൈശാഖിനെ രംഗത്തിറക്കിയത്. ഇത് കാത്തു സൂക്ഷിക്കുകയും ചെയ്‌തു വൈശാഖ്.