
മണർകാട്: മണർകാട് -കോട്ടയം റൂട്ടിലെ പാതയോരങ്ങളിൽ മാലിന്യം ദിനംപ്രതി കുന്നുകൂടുന്നത്. മണർകാട്, വടവാതൂർ എന്നിവിടങ്ങളിലാണ് മാലിന്യ പ്രശ്നം രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമല്ല. മിനി എം.സി.എഫുകൾക്ക് സമീപം മാലിന്യം നിറഞ്ഞ് ഡംപിംഗ് യാർഡിന് സമാനമായിരിക്കുകയാണ്. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി മത്സ്യ, മാംസ, പച്ചക്കറി അവശിഷ്ടങ്ങൾ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൊണ്ടു തള്ളിയിരിക്കുകയാണ്. ഇത് യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അതിരൂക്ഷമായി ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. തെരുവുനായകളും പക്ഷികളും മാലിന്യം കൊത്തിവലിച്ച് റോഡിലും സമീപ വീടുകളുടെ കിണറുകളിലും കൊണ്ടിടുന്നത് സമീപവാസികളെ ദുരിതത്തിലാക്കുന്നു. വഴിവിളക്കുമില്ല. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തുന്നവർ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞു കടന്നുകളയുകയാണ്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും ഇത്തരം സാമൂഹ്യവിരുദ്ധർക്ക് സഹായമാകുന്നു. റോഡരികിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർക്കിടയിൽ നിന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നു.
പുതുതായി നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് മാലിന്യ സംസ്‌കരണ സംവിധാനം ഇല്ലാത്തതുകാരണം നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർ മാലിന്യ സംസ്‌കരണം നടത്തുന്നതിന് ബുദ്ധിമുട്ട് നേരിടുകയാണ്. ഈ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെട്ട് നാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിന് പൊതുവായ വേസ്റ്റു ബിന്നുകൾ സ്ഥാപിച്ചാലേ മാലിന്യം വലിച്ചെറിയുന്ന പ്രവണത ജനങ്ങൾക്കിടയിൽ അവസാനിപ്പിക്കുവാൻ കഴിയൂ.
പ്രഭുൽ എസ്. ഇരവിനല്ലൂർ
പരിസ്ഥിതി പ്രവർത്തകൻ