
കോട്ടയം: തിരഞ്ഞെടുപ്പ് ഫലമെത്തി. പരാജയകാരണവും വോട്ട്ചോർച്ചയും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. അതേസമയം ഒപ്പത്തിനൊപ്പം നിൽക്കുന്ന കോട്ടയം നഗരസഭയിലും ചില ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും ഭരണം പിടിച്ചെടുക്കാൻ അണിയറ നീക്കങ്ങൾ സജീവമായി.
യു.ഡി.എഫ് ഭരിച്ചിരുന്ന കോട്ടയം നഗരസഭയിൽ ഇക്കുറി 20 സീറ്റുകൾ നേടി കോൺഗ്രസ് വലിയ ഒറ്റകക്ഷിയായി. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു സീറ്റും കിട്ടി. കൂടാതെ യു.ഡി.എഫ് സ്വതന്ത്രനും കൂടി ചേർന്ന് യു.ഡി.എഫിന്റെ കക്ഷിനില 22. കഴിഞ്ഞതവണ യു.ഡി.എഫിന് 29 സീറ്റുകൾ ലഭിച്ചിരുന്നു.
സി.പി.എം -16, സി.പി.ഐ 2, കേരള കോൺഗ്രഗ് 1, കേരള കോൺഗ്രസ് -സ്കറിയ തോമസ് 1, കോൺഗ്രസ് എസ്. 1, എൽ.ഡി.എഫ് സ്വതന്ത്ര 1 എന്നിങ്ങനെയാണ് ഇടതുമുന്നണിയുടെ കക്ഷിനില. ഇരുമുന്നണികളും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെ അധികാരിയെ കണ്ടെത്തേണ്ട അവസ്ഥയാവും കോട്ടയത്ത് ഉണ്ടാവുക. നഗരസഭയിൽ എട്ട് സീറ്റുകളാണ് ബി.ജെ.പി സ്വന്തമാക്കിയത്.
നഗരസഭ ഭരണം എൽ.ഡി.എഫ് പിടിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.എൻ വാസവൻ വ്യക്തമാക്കിക്കഴിഞ്ഞു. മുതിർന്ന നേതാക്കളായ പി.എൻ സരസമ്മാൾ, ഷീജ അനിൽ എന്നിവരിൽ ആരെയെങ്കിലും ചെയർപേഴ്സൺ ആകാനാണ് സാദ്ധ്യത.
അതേ സമയം യു.ഡി.എഫ് ഭരണത്തിലെത്തിയാൽ മുൻ ചെയർപേഴ്സൺ പി.ആർ സോന, ബിന്ദു സന്തോഷ് കുമാർ, ജാൻസി ജേക്കബ് എന്നിവരുടെ പേരുകളാണ് സജീവമായിട്ടുള്ളത്. ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടാൻ ഇരുമുന്നണികളും തയാറാവില്ലെന്നാണ് അറിയുന്നത്.
ചങ്ങനാശേരി നഗരസഭയിലും ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ല. ഇതോടെ ഇവിടെയും ഭരണം അനിശ്ചിതത്തിലാവും. ഇവിടെയും ചാക്കിട്ടുപിടുത്തം നടക്കുമെന്നാണ് അറിയുന്നത്. സ്വതന്ത്രരെയും കോൺഗ്രസ് വിമതനെയും വശത്താക്കാൻ ഇരുമുന്നണികളും ചരടുവലികൾ ആരംഭിച്ചുകഴിഞ്ഞു. വൈക്കം നഗരസഭയിൽ സ്വതന്ത്രരുടെ പിന്തുണ തേടി ഇരുമുന്നണികളും രംഗത്ത് എത്തിക്കഴിഞ്ഞു. 26 വാർഡുകളുള്ള വൈക്കം നഗരസഭയിൽ യു.ഡി.എഫ് 11 സീറ്റുകൾ നേടി. അതേസമയം ഇടുതുമുന്നണി 9 സീറ്റാണ് നേടാനായത്. രണ്ട് സ്വതന്ത്രരുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചാൽ സീറ്റ് നില 11 ആകും. ഇതോടെ ഭരണം കിട്ടണമെങ്കിൽ ടോസ് ചെയ്യേണ്ടതായി വരും.