
പാലാ: നഗരസഭയിലെ ഇടതുമുന്നണിയുടെ ജയത്തിന്റെ കെട്ടു വിട്ടില്ല, അതിനു മുമ്പേ ചെയർമാൻ സ്ഥാനത്തിന് ' അടി തുടങ്ങി '.
യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കുര്യക്കോസ് പടവനെ അടിയറവ് പറയിച്ച ആന്റോ ജോസ് പടിഞ്ഞറേക്കരയ്ക്ക് ആദ്യ ഊഴം ചെയർമാൻ സ്ഥാനം കൊടുക്കുമെന്ന് ചിലർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗം കൗൺസിലർമാർ തന്നെ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. സി.പി.എം. കൗൺസിലർമാർക്കും ഇക്കാര്യത്തിൽ അമർഷമുണ്ട്. അതേ സമയം കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് കൂടിയായതിനാലാണ് ആന്റോയ്ക്ക് ചെയർമാൻ സ്ഥാനത്തേയ്ക്ക് ആദ്യം വഴി തുറന്നു കിട്ടുമെന്ന് പ്രചരണമുണ്ടാകാനുള്ള പ്രധാന കാരണം.
കമ്യൂണിസ്റ്റ് പാർട്ടികൾ ഏഴു സീറ്റാണ് നേടിയത്. സി.പി. എം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരേയൊരാളായ അഡ്വ. ബിനു പുളിക്കക്കണ്ടം റിക്കാർഡ് ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. ബിനുവിന് ആദ്യ ടേം ചെയർമാൻ സ്ഥാനം കൊടുക്കണമെന്ന് സി.പി.എം. ആവശ്യമുന്നയിക്കുമെന്ന് പാർട്ടിയിലെ ഒരു ഉന്നത നേതാവ് പറഞ്ഞു. ആദ്യ ടേം ചെയർമാനാകുന്ന ആൾക്കോ പാർട്ടിക്കോ 2 വർഷവും തുടർന്ന് ലഭിക്കുന്ന ആൾക്ക് 3 വർഷവും ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യവും സി.പി.എം. ഉന്നയിച്ചേക്കും.
ഒന്നാം വാർഡിൽ നിന്ന് വിജയിച്ച ഷാജു തുരുത്തന്റെ ചെയർമാൻ മോഹം തല്ലിക്കെടുത്താൻ ജോസ് വിഭാഗത്തിലെ മറ്റു ചില കൗൺസിലർമാർ തങ്ങൾക്കും ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യവുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നിട്ടുണ്ട്. എന്തായാലും നഗര സഭാ ചെയർമാൻ പദവിയുടെ ആദ്യ ഊഴം പാർട്ടി ചെയർമാൻ ജോസ്. കെ. മാണിയുടെ മാത്രം തീരുമാനം അനുസരിച്ചേ നടക്കൂ എന്നത് വ്യക്തമാണ്.
'കഴിഞ്ഞ 5 പതിറ്റാണ്ടായി കേരളാ കോൺഗ്രസ് പാർട്ടിക്കുവേണ്ടി നിരന്തരം പ്രവർത്തിക്കുന്നു. രാഷ്ട്രീയ എതിരാളികളിൽ നിന്ന് ശാരീരിക പീഡനം പോലുമുണ്ടായി. പല ഘട്ടങ്ങളിലായി ഇരുപതു വർഷത്തോളം കൗൺസിലറുമായിരുന്നു. എന്റെയൊപ്പം സീനിയറായ ആരും നിലവിൽ കൗൺസിലില്ല .തീർച്ചയായും ആദ്യ ടേമിൽ എന്നെ ചെയർമാനാക്കാൻ പാർട്ടി യോജിച്ച തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ.'
ഷാജു തുരുത്തൻ