
കോട്ടയം: പാലാ നഗരസഭ എൽ..ഡി.എഫ് പിടിച്ചെടുത്തിന് പിന്നാലെ ,പാലാ നിയമസഭാ സീറ്റിനെച്ചൊല്ലി ജോസ് കെ മാണി-മാണി സി കാപ്പൻ പോര് വീണ്ടും. പാലാ തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ജോസും, വിട്ടു കൊടുക്കില്ലെന്ന് കാപ്പനും വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പിയിലൂടെ താൻ പാലായിൽ നേടിയ വിജയത്തിന് അടുത്തെത്താൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞില്ലെന്ന വിമർശനം കാപ്പൻ നടത്തിയത് ജോസിനെ ഉന്നം വച്ചായിരുന്നു.. മദ്ധ്യ കേരളത്തിൽ ഇടതു മുന്നണിക്കുണ്ടായ വിജയം ജോസ് വിഭാഗത്തിന്റെ ശക്തി കൊണ്ടാണെന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കം സി.പി.എം നേതാക്കളുടെ വിലയിരുത്തൽ തള്ളിയാണിത്. കോട്ടയത്ത് തോമസ് ചാണ്ടി അനുസ്മരണത്തിന് ഉമ്മൻചാണ്ടിയെ ക്ഷണിച്ചത് യു.ഡി.എഫുമായി അടുക്കുന്നതിന്റെ തെളിവാണെന്ന ആരോപണവും കാപ്പൻ തള്ളി.
അതേ സമയം , തദ്ദേശ തിരഞ്ഞെടുപ്പിൽ കാപ്പന്റെ നിസഹകരണം എൽ.ഡി.എഫ് ചർച്ച ചെയ്യട്ടെ., പരാതി പറയാനില്ല എന്നായിരുന്നു ജോസിന്റെ മറുപടി.രണ്ട് ഘടകകക്ഷി നേതാക്കൾ പാലാ സീറ്റിനായി കടിപിടി കൂട്ടുന്നത് എൽ.ഡി.എഫിന് തലവേദനയായി .
"പാലാ സീറ്റ് വിട്ട് ഒരു കളിക്കുമില്ല. പാലായിൽ തന്നെ മത്സരിക്കും. എൻ.സി.പി നേരിട്ട് മത്സരിച്ചാൽ ഇനിയും ജയിക്കാനാവും. പഞ്ചായത്തുകളിലും പാലാ നഗരസഭയിലും നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ .സി.പിക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് വന്നിട്ടും ലഭിച്ചില്ല"..
-മാണി സി കാപ്പൻ
" . പാലാ കേരളകോൺഗ്രസ് -എമ്മിന്റെ ഹൃദയ വികാരമാണ് എൽ.ഡി.എഫ് നൽകുമെന്നാണ് പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിലടക്കം ശക്തി തെളിയിച്ചിട്ടുണ്ട്. . "
-ജോസ് കെ മാണി