
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് യു.ഡി.എഫിനുണ്ടായ വൻ തകർച്ചയ്ക്കു കാരണം സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാതിരുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം.
ജയസാദ്ധ്യതയുള്ളവർക്കു പകരം ഗ്രൂപ്പ് താത്പര്യവും ചില സമുദായ സംഘടനാ നേതാക്കളുടെ താത്പര്യവും കണക്കിലെടുത്ത് പലരെയും സ്ഥാനാർത്ഥികളാക്കാൻ ചില സീനിയർ നേതാക്കൾ അമിത താത്പര്യമെടുത്തതാണ് കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭകളും യു.ഡി.എഫ് കുത്തകയാക്കിവച്ചിരുന്ന പല പഞ്ചായത്തുകളും നഷ്ടപ്പെടാൻ കാരണം .ക്രിസ്ത്യൻ പാർട്ടിയെന്ന ലേബലാണ് കോട്ടയത്തുള്ളത്. ബിഷപ്പും പള്ളീലച്ചനും കരയോഗം ഭാരവാഹികളും പറഞ്ഞ പലരെയും സ്ഥാനാർത്ഥികളാക്കിയതോടെ പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു. വർഷങ്ങളായി കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്ന പി.ഡി. സുരേഷിന് മുട്ടമ്പലത്തു സീറ്റ് നൽകാതെ ദേവലലോകം അരമനയിൽ നിന്ന് ശുപാശചെയ്ത ആൾക്കു സീറ്റ് നൽകി. സുരേഷ് ഇടതു സ്വതന്ത്രനായി മത്സരിച്ചു കോൺഗ്രസുകരുടെ കൂടി വോട്ടു വാങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് കൗൺസിലറുമായി . ചങ്ങനാശേരിയിൽ ദേവരാജന് സീറ്റ് കൊടുക്കാതെ ബിഷപ്പ് പറഞ്ഞ ആളെ സ്ഥാനാർത്ഥിയാക്കി സീറ്റ് നഷ്ടപ്പെടുത്തി. ബഹുജന സംഘടനാ രംഗത്ത് സജീവമായിരുന്ന നിരവധി പിന്നാക്കക്കാരെ ഇങ്ങനെ മാറ്റി നിറുത്തിയത് തിരഞ്ഞെടുപ്പിൽ ദോഷമായി. പലരും പാർട്ടി വിട്ടു പോയി. സ്ഥാനാർത്ഥികളായ പലരും സാമ്പത്തികമായി കഷ്ടപ്പെട്ടു . ഒറ്റക്കു പ്രചാരണം നടത്തേണ്ട സ്ഥിതിയുണ്ടായി.
70 കഴിഞ്ഞ നേതാക്കളാൽ നിയന്ത്രിക്കപ്പെടുന്ന പാർട്ടി യുവാക്കൾക്ക് അർഹമായ പരിഗണന നൽകുന്നില്ല. . ഇതും കോട്ടയത്ത് ദോഷമായി. യുവാക്കൾ പാർട്ടിയിലേക്കു വരുന്നില്ല. വരുന്നവരെ വളർത്തുന്നില്ല . താഴെ തട്ടിൽ പാർട്ടി പ്രവർത്തനമില്ല. ജനസ്വാധീനമുള്ള നേതാക്കൾ താഴെ തട്ടിൽ നിന്നു ഉണ്ടാകുന്നില്ല. നേതാക്കളുടെ ചെവികടിക്കുന്നവരെ മാത്രം ഉയർത്തുന്നു. ഇക്കാരണത്താൽ പലരും പാർട്ടി വിട്ടു പോകുന്നു.
ജോസഫ് വിഭാഗത്തിന് ജില്ലയിൽ കാര്യമായ ശക്തിയില്ലാതിരുന്നിട്ടും സമ്മർദ്ദത്തിന് വഴങ്ങി കൂടുതൽ സീറ്റ് നൽകിയത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ചില നേതാക്കളുടെ താത്പര്യത്താലാണ്. ജില്ലാ പഞ്ചായത്തടക്കം നഷ്ടമായത് ഇക്കാരണത്താലാണ്. ജോസഫിന് കൊടുത്ത സീറ്റിൽ സ്ഥാനാർത്ഥിയെ നിറുത്താൻ ആളില്ലാതെ കോൺഗ്രസുകാരുടെ വീട്ടിൽ നിന്നു വരെ സ്ഥാനാർത്ഥികളെ ഇറക്കേണ്ട ഗതികേടുണ്ടായി.
ബി.ജെ.പിയുമായി ഒരു നേതാവ് മുൻകൈയെടുത്ത് രഹസ്യ ധാരണയുണ്ടാക്കി മത്സരിച്ചതും ദോഷമായി. കോട്ടയം നഗരസഭയിൽ എട്ട് സീറ്റ് ബി..ജെ.പിക്ക് കിട്ടി. എന്നാൽ 25 സീറ്റിൽ ബി.ജെ.പി സഹായം തിരിച്ചു പ്രതീക്ഷിച്ചത് കിട്ടിയതുമില്ല . നേതൃത്വം മുൻ കൈയെടുത്ത് താഴെതട്ടിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇതിലും ദയനീയമായിരിക്കും.
ചില സീനിയർ നേതാക്കളുടെ അമിതമായ ഗ്രൂപ്പ് താത്പര്യം
പാർട്ടിയുടെ നിയന്ത്രണം ഇപ്പൊഴും 70 കഴിഞ്ഞ നേതാക്കളിൽ
യുവാക്കൾക്ക് ഒരിടത്തും അർഹമായ പരിഗണന നൽകുന്നില്ല
കോട്ടയത്ത് കോൺഗ്രസിന് ക്രിസ്ത്യൻ പാർട്ടിയെന്ന ലേബൽ
പള്ളീലച്ചനും കരയോഗവും പറഞ്ഞവരെ സ്ഥാനാർത്ഥിയാക്കി
പിന്നാക്ക വിഭാഗങ്ങളെ പാർട്ടി എല്ലായിടത്തും തഴഞ്ഞു.