kottayam

കോട്ടയം: ആർക്കും ഭൂരിപക്ഷമില്ലാത്ത കോട്ടയം നഗരസഭ ഭരിക്കണമെങ്കിൽ ഇരുമുന്നണികൾക്കും ബിൻസിയുടെ കാരുണ്യം വേണം. സ്വതന്ത്രസ്ഥാനാർത്ഥിയായി വിജയിച്ച ബിൻസി സെബാസ്റ്റ്യന്റെ നിലപാട് നിർണായകമായപ്പോൾ ഇവരെ ഒപ്പം കൂട്ടാൻ ഇരുമുന്നണികളും ശ്രമം തുടങ്ങി. വനിതാ സംവരണമായ കോട്ടയം നഗരസഭാദ്ധ്യക്ഷസ്ഥാനം നൽകണമെന്നാണ് ബിൻസിയുടെ ആവശ്യം.
നഗരസഭ പിടിക്കാൻ എൽ.ഡി.എഫ് നീക്കം സജീവമാക്കിയിട്ടുണ്ട്. ബിൻസിയെ ബന്ധപ്പെട്ട ഇവർ ചെയർപേഴ്‌സൺ പദവിയടക്കം വാഗ്ദാനം ചെയ്തതായാണ് സൂചന. എന്നാൽ, അഞ്ചുവർഷവും അദ്ധ്യക്ഷ സ്ഥാനം വിട്ടുനൽകാൻ എൽ.ഡി.എഫിന് താത്പര്യമില്ല. ഇക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്. യു.ഡി.എഫും ഇവർക്ക് അദ്ധ്യക്ഷ പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകയായിരുന്ന ബിൻസി അവസാന നിമിഷമാണ് സ്വതന്ത്രയായി മത്സരിച്ചത്. ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകരും പിന്തുണച്ചു. ഈ സാഹചര്യത്തിൽ ബിൻസി ഒപ്പം എത്തുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
52 അംഗ നഗരസഭയിൽ യു.ഡി.എഫിനൊപ്പം ബിൻസിയെത്തിയാൽ ഇടത്‌, വലത് മുന്നണികളുടെ കക്ഷിനില 22 വീതമാകും. ഇങ്ങനെ വന്നാൽ നറുക്കെടുപ്പ് വേണ്ടിവരും. ഇത്തരമൊരു ഭാഗ്യപരീക്ഷണത്തിന് ബിൻസിക്കൊപ്പം നിൽക്കുന്നവർക്ക് താത്പര്യമില്ലെന്നാണ് സൂചന. 52 വാർഡുകളുള്ള നഗരസഭയിൽ ഒരുസ്വതന്ത്രനും ചേർത്ത് എൽ.ഡി.എഫിന് 22 സീറ്റുകളാണുള്ളത്. യു.ഡി.എഫിന് 21 സീറ്റും. എൻ.ഡി.എക്ക് ഏട്ടു പേരുമുണ്ട്. ആരെയും പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയ എൻ.ഡി.എ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെയാണ് വിജയിച്ച ഏക സ്വതന്ത്രയായ ബിൻസി സെബാസ്റ്റ്യന്റെ പിന്തുണ നഗരസഭ ഭരണത്തിൽ നിർണായകമായത്. എട്ടു സീറ്റ് മാത്രമുള്ള എൻ.ഡി.എ മുന്നണി ആദ്യ ഘട്ടത്തിൽ പുറത്താകും. രണ്ടാം ഘട്ട വോട്ടിംഗിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ വോട്ട് നിർണായകമാകും.

'ഒപ്പംനിന്ന പ്രവർത്തകരോട് ആലോചിച്ച് അടുത്തദിവസം തീരുമാനമെടുക്കും. കോൺഗ്രസുകാരടക്കം പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. വാർഡിന്റെ വികസനം അടക്കം പരിഗണിച്ചാകും പിന്തുണ. സമയമുണ്ടല്ലോ. ആലോചിച്ച് തീരുമാനമെടുക്കാം''

ബിൻസി