കട്ടപ്പന: കാമാക്ഷി ഗ്രാമപഞ്ചായത്ത് രൂപീകൃതമായ ശേഷം ആദ്യമായി എൽ.ഡി.എഫ്. ഭരണത്തിലെത്തി. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം ജില്ലയിൽ എൽ.ഡി.എഫിന് ഏറ്റവുമധികം ഗുണം ചെയ്ത പഞ്ചായത്തുകളിലൊന്നാണ് കാമാക്ഷി. ആകെയുള്ള 15 സീറ്റുകളിൽ 12 എണ്ണവും നേടിയാണ് എൽ.ഡി.എഫ്. ഭരണത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഏഴു സീറ്റുകൾ കൂടുതൽ. എന്നാൽ കഴിഞ്ഞ തവണ 10 സീറ്റുകൾ ഉണ്ടായിരുന്ന യു.ഡി.എഫ്. മൂന്നിലേക്ക് കൂപ്പുകുത്തി. കേരള കോൺഗ്രസി(എം) ന് പഞ്ചായത്തിലുടനീളം ശക്തമായ സ്വാധീനമാണ്. 2015ൽ യു.ഡി.എഫിലായിരുന്നപ്പോഴും നാലു സീറ്റുകൾ ഉണ്ടായിരുന്നു. 1968ൽ രൂപീകൃതമായ കാമാക്ഷി പഞ്ചായത്തിൽ ആദ്യ 10 വർഷം നോമിനേറ്റഡ് ഭരണമായിരുന്നു. കോൺഗ്രസ് പ്രതിനിധികളായ പാലയ്ക്കൽ പാപ്പച്ചൻ ആദ്യ ആറു വർഷവും സംവിധായകൻ ജയരാജിന്റെ അച്ഛൻ രാജശേഖരൻ നാലുവർഷവും പ്രസിഡന്റായി. 1979ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 1979 മുതൽ 2000 വരെ നടന്ന മൂന്നു തെരഞ്ഞെടുപ്പിലായി 21 വർഷം കേരള കോൺഗ്രസിലെ മാത്യു മത്തായി തെക്കേമലയായിരുന്നു പ്രസിഡന്റ്. 2000നുശേഷമാണ് അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. കട്ടപ്പന നഗരസഭയിലടക്കം മുന്നണി പ്രവേശനം ഗുണം ചെയ്തില്ലെന്ന വിലയിരുത്തലുകൾക്കിടയിൽ കാമാക്ഷിയിലെ ചരിത്ര നേട്ടത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് അഭിമാനിക്കാം.