sheeba

പാലാ : 'ഇത് എന്റെ പ്രിയപ്പെട്ട ജിയോയുടെ വിജയമാണ്. എനിക്ക് ലഭിച്ച ഈ മാലകൾ ഞാൻ ജിയോയ്ക്ക് ചാർത്തുന്നു.' പാലാ വെള്ളാപ്പാട് തുണ്ടത്തിൽ വീടിന്റെ പൂമുഖ മുറിയിൽ ചില്ലിട്ടുവച്ച ജിയോയുടെ ഛായാ ചിത്രത്തിനു മുന്നിൽ പൂമാലകൾ സമർപ്പിക്കവെ ഷീബയുടെ വാക്കുകൾ ഇടറി, ചുണ്ടുകൾ വിതുമ്പി.
പാലാ നഗരസഭയിലെ 26-ാം വാർഡിൽ നിന്നും വിജയിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി ഷീബയുടെ കന്നി വിജയം കാണാൻ ഭർത്താവ് ജിയോ കാത്തുനിന്നില്ല. 43 ദിവസം മുമ്പായിരുന്നു അസുഖ ബാധിതനായ ജിയോയുടെ വേർപാട്.
''ഭർത്താവിന്റെ മരണത്തിന്റെ ചൂടാറുംമുമ്പേ അവൾ മത്സരിക്കാനിറങ്ങിയിരിക്കുന്നു. ഇത്രയും തന്റേടമുണ്ടോ പെണ്ണുങ്ങൾക്ക്. പഴികൾ ഒരുപാട് ഞാൻ കേട്ടു. അവർക്കറിയില്ലല്ലോ ജിയോയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ഞാൻ പാലാ നഗരസഭയിലേക്ക് മത്സരിച്ച് ജയിക്കണമെന്നത് ''. 26-ാം വാർഡിൽ നിന്നും എൻ.സി.പിയുടെ ബാനറിൽ ജനവിധി തേടിയ ഷീബ പറയുന്നു. തുടങ്ങനാട് സെന്റ്‌ തോമസ് എൽ.പി സ്‌കൂളിലെ അദ്ധ്യാപിക കൂടിയാണ്, 45 കാരിയായ ഷീബ ജിയോ.
പാലാ ബസ് സ്റ്റാന്റിലെ കവിത ഹോട്ടൽ ഉടമയായിരുന്നു ജിയോ. അസുഖബാധിതനാകുന്നതിനും നാളുകൾക്കു മുമ്പെ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ജിയോ ഷീബയെ നിർബന്ധിച്ചിരുന്നു. അന്നത്തെ കൗൺസിലർ റോയി ഫ്രാൻസിസും തന്റെ പിന്തുടർച്ചക്കാരിയായി ഷീബയുടെ പേരാണ് ഇടതുമുന്നണിയിലും നിർദ്ദേശിച്ചിരുന്നത്.
അമ്മയുടെ ആഗ്രഹത്തിന് മക്കളായ ജെയ്‌നും ജൂവലും ജോസുകുട്ടിയും പൂർണ പിന്തുണയേകി. അദ്ധ്യാപകരുടെ സംഘടനയായ കെ.എസ്. ടി.എ യിൽ സജീവ മെമ്പർ ആണെന്നതൊഴികെ മറ്റ് രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമൊന്നും ഷീബയ്ക്കുണ്ടായിരുന്നില്ല. എല്ലാവരുടെയും സഹകരണത്തോടെ ഇനിയുള്ള കാലം വാർഡിലെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജനസേവനം നടത്തണമെന്നതുമാണ് ഈ 43കാരിയുടെ ആഗ്രഹം. പ്രിയതമനോടുള്ള കടപ്പാടാണ് തന്റെ പൊതുജനസേവനമെന്നും ഷീബ ഉറച്ചു വിശ്വസിക്കുന്നു.

''മത്സരിക്കാൻ എനിക്ക് ആഗ്രഹമേ ഉണ്ടായിരുന്നില്ല. എന്നാൽ ജിയോ പെട്ടെന്ന് മരിച്ചതോടെ അദ്ദേഹത്തിന്റെ ആഗ്രഹം ഏതു വിധേനയും സഫലീകരിക്കണമെന്ന് എനിക്ക്‌ തോന്നി. അതുകൊണ്ടാണ് ജിയോയെക്കുറിച്ചുള്ള ഓർമ്മകൾ മനസിൽ നിറയുമ്പോഴും വേദനയോടെ ജനങ്ങളെ സമീപിച്ചത്. എല്ലാ വീട്ടിലും കയറി ജിയോയുടെ ആഗ്രഹം ഞാൻ തുറന്നു പറഞ്ഞു. ഇതോടെയാണ് വാർഡിലെ ജനങ്ങൾക്ക് തെറ്റിദ്ധാരണ മാറിയതും എന്നെ ജയിപ്പിച്ചതും ''

- ഷീബ ജിയോ