
ചങ്ങനാശേരി: പെരുമ്പനച്ചി-തോട്ടയ്ക്കാട് റോഡിന് ശാപമോക്ഷമാകുന്നു. കുഴികൾ അടച്ചു തുടങ്ങി. മാന്നില പുളിയാങ്കുന്ന് റോഡ് മുതൽ തോട്ടയ്ക്കാട് വരെയുള്ള ഭാഗങ്ങളിൽ വലുതും ചെറുതുമായ നിരവധി കുഴികളാണ് ഉണ്ടായിരുന്നത്. നിലവിൽ തോട്ടയ്ക്കാട് മുതൽ പെരുമ്പനച്ചി ഭാഗം വരെയുള്ള റോഡിലെ കുഴികളുടെ റീടാറിംഗാണ് പുരോഗമിക്കുന്നത്. നാളുകളായി അറ്റകുറ്റപ്പണികൾ നടത്താതിരുന്ന റോഡാണിത്. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരളകൗമുദി ഫ്ലാഷ് വാർത്ത നൽകിയിരുന്നു. തുടർന്നാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. സഞ്ചാരയോഗ്യമല്ലാതെ ടാറിംഗ് ഇളകി മാറി മെറ്റലും ചരലും നിറഞ്ഞ സ്ഥിതിയായിരുന്നു റോഡിന്റേത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായിരുന്നു. പുളിയാങ്കുന്ന് റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നതിനാൽ ഈ ഭാഗത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്. റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ അപകടസാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. ബസ് സർവ്വീസുള്ള റോഡായതിനാൽ യാത്രക്കാരും നടപ്പാതകളില്ലാത്തിനാൽ കാൽ നടയാത്രക്കാരും ബുദ്ധിമുട്ടിലായിരുന്നു. പൂർണ്ണമായും റീടാർ ചെയ്യുന്നതോടെ റോഡിന്റെ ശോച്യാവസ്ഥക്ക് അറുതി വരുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികളും യാത്രക്കാരും.