
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിൽ ഇടതു മുന്നണിക്ക് നേട്ടമുണ്ടാക്കി കൊടുത്ത ജോസ് കെ മാണിക്ക് പ്രത്യുപകാരമായി എൻ.സി.പിയുടെ കൈവശമുള്ള പാലാ സീറ്റ് നൽകുന്നതിനെതിരെ സിറ്റിംഗ് എം.എൽ.എ മാണി സി കാപ്പൻ രംഗത്തെത്തിയതിന് പിന്നാലെ, കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് കൊടുക്കരുതെന്ന നിലപാടുമായി സി.പി.ഐ രംഗത്തെത്തി.
" കാഞ്ഞിരപ്പള്ളി സി.പി.ഐ മത്സരിക്കുകയും ജയിക്കുകയും ചെയ്തിട്ടുള്ള മണ്ഡലമാണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജന്മനാട് ഉൾപ്പെടുന്ന പ്രദേശമെന്ന നിലയിൽ വൈകാരികമായി അടുപ്പമുള്ള മണ്ഡലമാണ്. ആ സീറ്റിൽ മത്സരിക്കുക എന്നത് തങ്ങളുടെ പൊതുവികാരമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. ജോസ് വിഭാഗത്തിലെ ഡോ.എൻ.ജയരാജാണ് സിറ്റിംഗ് എം.എൽ.എ.
ജോസ് വിഭാഗം വന്നതുകൊണ്ട് പാലായിലും സമീപ പഞ്ചായത്തുകളിലും വലിയ നേട്ടമുണ്ടായിട്ടില്ലെന്ന മാണി സി കാപ്പന്റെ അഭിപ്രായം ശരിയാണ്. ജോസിന്റെ മാത്രമല്ല എൽ.ഡി.എഫിന്റെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് കോട്ടയത്ത് കൂടുതൽ സീറ്റ് ലഭിച്ചത് . ജില്ലാ പഞ്ചായത്തിൽ എട്ടു സീറ്റിൽ മത്സരിച്ച ജോസ് വിഭാഗത്തിന് അഞ്ച് സീറ്റ് ലഭിച്ചപ്പോൾ നാലിടത്ത് മത്സരിച്ച സി.പി.ഐക്ക് മൂന്നു സീറ്റുണ്ട്. ജില്ലാ പഞ്ചായത്തിൽ അർഹമായ പരിഗണന സി.പി.ഐക്ക് കിട്ടണമെന്നും ശശിധരൻ പറഞ്ഞു.
തദ്ദേശത്തിൽ ജോസിന്
സീറ്റു കുറഞ്ഞു
കോട്ടയം, പത്തനം തിട്ട, ഇടുക്കി ജില്ലാ പഞ്ചായത്തുകൾ ഇടതു മുന്നണിക്ക് നേടിക്കൊടുക്കുന്നതിൽ പങ്കു വഹിക്കാൻ ജോസ് വിഭാഗത്തിന് കഴിഞ്ഞെങ്കിലും 2015ൽ യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ചപ്പോൾ ലഭിച്ചത്രയും സീറ്റുകൾ ഇപ്പോൾ അവർക്ക് കിട്ടിയില്ലെന്ന് മാണി സി കാപ്പനും പി.ജെ.ജോസഫും പറയുന്നു.പാലാ നഗരസഭയിൽ 17ൽ നിന്ന് പത്തായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ ആറ് സീറ്റ് അഞ്ചായി. മുത്തേലി, രാമപുരം പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി. മേലുകാവ്, മൂന്നിലവ്, തലപ്പലം, അതിരമ്പുഴ, ഏറ്റുമാനൂർ ശക്തികേന്ദ്രങ്ങളിലും സീറ്റുകൾ കുറഞ്ഞു.
..