kudayampadi

അയ്മനം: കുടയംപടി ജംഗ്ഷനിൽ ജല അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി വെള്ളക്കെട്ട്. അയ്മനം ഭാഗത്തേക്ക് ശുദ്ധജലം നൽകുന്ന പ്രധാന പൈപ്പാണ് ഇന്നലെ ഉച്ചയോടെ പൊട്ടിയത്. തകർന്ന് കിടന്ന റോഡിനൊപ്പം പൈപ്പ് പൊട്ടിയ വെള്ളം കൂടിയായപ്പോൾ കുടയംപടി - പരിപ്പ് റോഡിൽ യാത്രക്കാർക്ക് ഇരട്ടിദുരിതം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. കാലപഴക്കം ചെന്ന പൈപ്പ് ലൈനാമ് തുടർച്ചയായി പൊട്ടുന്നത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ അമിതഭാരം കയറ്റിയ വാഹനങ്ങൾ പോകുമ്പോഴാണ് പ്രധാനമായും പൈപ്പ് ലൈൻ തകരുന്നത്. ചുങ്കം കുടയംപടി ബൈപാസ് റോഡ് ഉയർത്തി ടാർ ചെയ്തിട്ടുള്ളതിനാൽ പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം കുടയംപടി പരിപ്പ് റോഡിലെ കുഴികളിൽ കെട്ടിക്കിടക്കുകയാണ്. കുമരകം, പരിപ്പ് പ്രദേശത്തുള്ളവർ മെഡിക്കൽ കേളേജിൽ പോകുവാൻ എളുപ്പമാർഗ്ഗമായി ഉപയോഗിക്കുന്നത് ഈ റോഡാണ്.

മഴയെങ്കിൽ പിന്നെ

മഴ പെയ്താലും ഈ പ്രദേശത്ത് ശക്തമായ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. വെള്ളം ഒഴുകി പോകാൻ ഓടയില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റെടുത്താൽ ആദ്യ പരിഗണന ഇവിടത്തെ ഓട നിർമ്മാണത്തിന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.