
കോട്ടയം: നാലു വർഷത്തിനുള്ളിൽ കാർഷിക മേഖലയിൽ ഹരിത കേരളം മിഷന്റെ വിപ്ലവകരമായ ഇടപെടൽ . ജില്ലയിൽ 5000 ഏക്കറിൽ നെല്ല് വിളയിക്കാൻ മിഷന് കഴിഞ്ഞു. "സുജലം സുഫലം " പദ്ധതി കൃഷിവികസനം എന്ന ആശയമാണ് മുന്നോട്ടു വച്ചത്. കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചും കൂടുതൽ തവണ കൃഷിയിറക്കിയും തരിശുനിലങ്ങളെ കൃഷിയോഗ്യമാക്കിയും ഗാർഹിക-സ്ഥാപനതല കൃഷി പ്രോത്സാഹിപ്പിച്ചും കാർഷിക മേഖലയെ കൂടുതൽ സജീവമാക്കാൻ ഈ പദ്ധതി സഹായിച്ചു.
വ്യവസായ സ്ഥാപനങ്ങളെ ഹരിതമാക്കുകയെന്ന ലക്ഷ്യത്തോടെ പാമ്പാടി ബ്ലോക്കിലെ പ്രിയദർശനി സ്പിന്നിംഗ് മില്ലിനോട് ചേർന്നുള്ള ഏഴ് ഏക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു. ദേവഹരിതം പദ്ധതിയുടെ ഭാഗമായി കോത്തല സൂര്യ നാരായണ ക്ഷേത്ര പരിസരത്ത് കരനെൽകൃഷി തുടങ്ങി . സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള കൃഷിയുടെ ഭാഗമായി കോട്ടയം എസ്.പി. ഓഫീസ്, പൊലീസ് ക്ലബ്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ ജൈവകൃഷി നടന്നു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 131 പച്ചത്തുരുത്തുകൾ തയ്യാറാക്കി.
കല്ലറയിൽ 1300 ഏക്കറിൽ കൃഷി
കല്ലറ പഞ്ചായത്തിൽ ഹരിത കേരളം മിഷനും കൃഷി വകുപ്പും ചേർന്ന് വർഷങ്ങളായി തരിശു കിടന്ന 1300 ഏക്കർ പാട ശേഖരത്താണ് കൃഷി തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തരിശുനില കൃഷി നടന്നത് കല്ലറ പഞ്ചായത്തിലാണ്. 42 കിലോമീറ്റർ ദൂരം ബണ്ടുകൾ നിർമ്മിച്ചു. 10 കിലോമീറ്ററോളം കൈത്തോടുകൾ വൃത്തിയാക്കി .
മാടപ്പള്ളി ഹരിത സമൃദ്ധി ബ്ലോക്ക്
41,380 വീടുകളിൽ പച്ചക്കറി കൃഷി ആരംഭിച്ച് കേരളത്തിൽ ആദ്യമായി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ ഹരിതസമൃദ്ധിയിലേക്ക് നടന്നടുത്തു. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ച് ഏതെങ്കിലും രണ്ട് പച്ചക്കറി വിത്തുകൾ എല്ലാ വീടുകളിലും കൃഷി ചെയ്യാനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തുടക്കം കുറിച്ചത്. മൈക്രോ ഗ്രീൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിത്തുകൾ കൃഷിഭവനിൽ നിന്നു ശേഖരിച്ച് ബ്ലോക്കിനു കീഴിലുള്ള ഓരോ വീടുകളിലും എത്തിച്ചു.
തരിശു രഹിത പഞ്ചായത്തുകൾ
കടുത്തുരുത്തി
അയ്മനം
കുരോപ്പട
പനച്ചിക്കാട്
32 വിദ്യാലയങ്ങളിൽ
ജൈവപച്ചക്കറി കൃഷി
ജില്ലയിൽ 131
പച്ചത്തുരുത്തുകൾ