
പാലാ: പാലാ നഗരസഭയിലെ എൻ.സി.പിയുടെ ഏകകൗൺസിലർ സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി സമിതിയിൽ! മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് എന്ന പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് നഗരസഭയിലെ എൻ.സി.പിയുടെ കൗൺസിലറായ ഷീബ ജിയോ സി.പി.എമ്മിനൊപ്പം അണിചേർന്നത്.
ഇന്നലെ ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന സി.പി.എം. നഗരസഭാ കൗൺസിലർമാരുടെ യോഗത്തിൽ പങ്കെടുത്ത ഷീബ ജിയോയ്ക്ക് പ്രധാന ഭാരവാഹിത്വവും നല്കി.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക കൗൺസിലറായ അഡ്വ. ബിനു പുളിക്കക്കണ്ടമാണ് പാർലമെന്ററി പാർട്ടി ലീഡർ. സിജി പ്രസാദ് ചീഫ് വിപ്പും. ഷീബ ജിയോ, ബിന്ദു മനു, സതി ശശികുമാർ, ജോസ്ബിൻ ബിനോ എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.
പാലായിലെ ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയായിരുന്നു ഷീബയുടെ കടന്നുവരവ്. ഇക്കാര്യം പരമാവധി രഹസ്യമാക്കിവയ്ക്കാൻ പാർട്ടി നേതൃത്വവും ഷീബയോടൊപ്പമുള്ളവരും ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇടതുമുന്നണിയുടെ ഭാഗമായ ഷീബ സി.പി.എം ഓഫീസിൽ പോയതിൽ യാതൊരു അപാകതയും ഇല്ലെന്നും എൻ.സി.പിയുടെ ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചതിനാൽ പാർട്ടി വിപ്പ് അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്നും മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. പല കാര്യങ്ങൾക്കും താനും പലവട്ടം സി.പി.എമ്മിന്റെ ഓഫീസിൽ പോയിട്ടുണ്ട്. അതുപോലെയാകും ഷീബയും പോയതെന്ന് വിശ്വസിക്കുന്നു. എൻ.സി.പിയുടെ വിപ്പ് ലംഘിക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ അയോഗ്യതയുൾപ്പെടെയുള്ള തുടർനടപടികളെക്കുറിച്ച് ആലോചിക്കും.
ഇതേ സമയം മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക് പോയാലും ഷീബ പോകില്ലെന്ന കാര്യം ഉറപ്പാക്കാനായിരുന്നു സി.പി.എം നേതാക്കളുടെ വ്യഗ്രത എന്നറിയുന്നു. ഇടതുമുന്നണി പ്രവർത്തകരുടേതുൾപ്പെടെ വോട്ടു വാങ്ങി ജയിച്ച ഷീബയ്ക്ക് മറിച്ചൊരു തീരുമാനം കൈക്കൊള്ളാനാകില്ലെന്നും, ഇന്നലെ സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിൽ ഷീബ പങ്കെടുത്തതോടെ ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണെന്നും സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടി.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിലാകെ എൻ.സി.പിയ്ക്ക് രണ്ടു സീറ്റേ ഇടതുമുന്നണി കൊടുത്തിരുന്നുള്ളൂ. അതിൽ ഒന്നിൽ ജയിച്ച കൗൺസിലറാണിപ്പോൾ ഇടതുമുന്നണിയോടുള്ള കൂറ് പ്രഖ്യാപിച്ചത്.