കട്ടപ്പന: ഇടതുപക്ഷത്തിന്റെ കടന്ന്കയറ്റത്തെ ഒറ്റക്കെട്ടായി നേരിട്ട് കോട്ട കാത്ത ആവേശത്തിലാണ് യു. ഡി. എഫ് നേതൃത്വം . പല പ്രതിബന്ധങ്ങൾകൊണ്ടും പിന്നോട്ട്പോകുമെന്ന് പ്രവചിച്ചവരെയൊക്കെ അത്ഭുതപ്പെടുത്തിയാണ് കഴിഞ്ഞ തവണത്തേക്കാൾ മൂന്നു സീറ്റുകൾ കൂടുതൽ നേടി കട്ടപ്പന നഗരസഭയിൽ യു.ഡി.എഫ് അധികാരത്തിലെത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ കൂട്ടുപിടിച്ചിട്ടും നേട്ടമുണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ നഷ്ടപ്പെടുത്തി എൽ.ഡി.എഫ് ന് അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. 26 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 ഇടത്ത് വിജയിച്ച് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി. എട്ടു സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൂന്നിടത്ത് വിജയിച്ചു. ജോസഫ് ഗ്രൂപ്പുമായുള്ള ചർച്ചകളിൽ കുടുങ്ങി സ്ഥാനാർത്ഥി നിർണയം വൈകിയത് തിരിച്ചടിയായേക്കുമെന്ന് കരുതിയെങ്കിലും പ്രമുഖരെ പ്രധാന വാർഡുകളിൽ മത്സരിപ്പിച്ചത് വിജയ ഘടകങ്ങളായി വിലയിരുത്തുന്നു. മുൻ ചെയർമാൻമാരായ ജോയി വെട്ടിക്കുഴിയും ജോണി കുളംപള്ളിയും വിജയിച്ച പ്രമുഖരിൽ ഉൾപ്പെടുന്നു.
സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കി ആദ്യം പ്രചരണമാരംഭിച്ച എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ നഷ്ടമായി ഒൻപതിലേക്ക് ചുരുങ്ങി. സ്ഥാനാർത്ഥികൾക്ക് വാർഡുകൾ നിർണയിച്ചതിലെ പാളിച്ചകളാണ് തിരിച്ചടിയായി വിലയിരുത്തുന്നത്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്വാധീനം കണക്കിലെടുത്ത് ഏറ്റവുമധികം സീറ്റുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. 13 സീറ്റുകളിൽ മത്സരിച്ച ജോസ് വിഭാഗം രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്. ജോസഫ് ഗ്രൂപ്പുമായി നേരിട്ട് ഏറ്റുമുട്ടിയ നാലുവാർഡുകളിൽ ഒരിടത്തുപോലും ജയിക്കാനുമായില്ല. 12 സീറ്റുകളിൽ മത്സരിച്ച സി.പി.എം അഞ്ച് സീറ്റുകളിലും ഏഴിടത്ത് മത്സരിച്ച സി.പി.ഐ ഒരിടത്തും മാത്രമാണ് വിജയിച്ചത്. ജനതാദൾ(സെക്യൂലർ) മത്സരിച്ച ഏക സീറ്റിൽ വിജയിച്ചപ്പോൾ എൻ.സി.പി. മത്സരിച്ച സീറ്റും നഷ്ടമായി. നിർണായക സ്വാധീനമുള്ള ജോസ് വിഭാഗത്തെ കൂട്ടുപിടിച്ചിട്ടും ഹൈറേഞ്ചിന്റെ ഭരണസിരാകേന്ദ്രം പിടിച്ചെടുക്കാൻ കഴിയാതെ പോയത് വരും ദിവസങ്ങളിൽ എൽ.ഡി.എഫിലും ചർച്ചയാകും. അതേസമയം എൻ.ഡി.എ. രണ്ട് സീറ്റുകൾ നേടി കഴിഞ്ഞ തവണത്തെ സീറ്റുകൾ നിലനിർത്തി.


സ്വതന്ത്രയുടെ അട്ടിമറി വിജയം

അഞ്ചാം വാർഡായ വെള്ളയാംകുടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി ബീന സിബിയുടെ അട്ടിമറി വിജയം ശ്രദ്ധേയമായി. സി.പി.എം. ഏരിയ കമ്മിറ്റിയംഗവും മുൻ കൗൺസിലറുമായ കെ.പി. സുമോദ്, കേരള കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ജോണി പൂമറ്റത്തിന്റെ മകൻ ടോണി പൂമറ്റം എന്നിവരെയാണ് ബീന പരാജയപ്പെടുത്തിയത്. 93 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറി ജയം.


ജോയി വെട്ടിക്കുഴി
(നഗരസഭ മുൻ ചെയർമാൻ)

മുൻ ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയം. മാതൃകാപരമായി ഭരണം മുന്നോട്ടുപോകാൻ യു.ഡി.എഫിന് കഴിഞ്ഞു. കട്ടപ്പനയുടെ വികസനത്തിന് മുഖ്യപങ്ക് വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ഭൂരിഭാഗവും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ഭരണസമിതിയും അടിസ്ഥാന സൗകര്യ വികസനത്തിനു മുൻതൂക്കം നൽകും.


അഡ്വ. മനോജ് എംതോമസ്
(കേരള കോൺഗ്രസ്എം മണ്ഡലം പ്രസിഡന്റ്,
കട്ടപ്പന നഗരസഭ മുൻ ചെയർമാൻ)

കോൺഗ്രസിലെ പ്രഗത്ഭരായ സ്ഥാനാർത്ഥികളുമായി ഏറ്റുമുട്ടിയത് കേരള കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നു. കേരളകോൺഗ്രസിന്റെ മുന്നണി മാറ്റം ജില്ലയിൽ എൽ.ഡി.എഫിന് വലിയ ഗുണം ചെയ്തപ്പോൾ കട്ടപ്പനയിൽ വേണ്ടത്ര നേട്ടം കൈവരിച്ചില്ല. കേരള കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ മുഴുവൻ എൽ.ഡി.എഫിന് ലഭിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.


രതീഷ് വരകുമല
(ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി)

കട്ടപ്പന നഗരസഭയിൽ രണ്ട് സീറ്റുകൾ വിജയിക്കാനും രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പിക്ക് കഴിഞ്ഞു. ഏഴു വാർഡുകളിൽ ശക്തമായ മത്സരം കാഴ്ചവച്ചു. നഗരസഭയിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 12 ശതമാനം നേടാൻ കഴിഞ്ഞതും ബി.ജെ.പിയുടെ മുന്നേറ്റമാണ്.
നഗരസഭയിലെ

കക്ഷി നില

യു. ഡി. എഫ് -22

എൽ. ഡി. എഫ് -9

എൻ. ഡി. എ -2

സ്വതന്ത്രർ-1