s-rajendran-mla

അടിമാലി: കുരിശുപാറ പീച്ചാട് പ്ലാമലസിറ്റിക്ക് സമീപം വനംവകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ഏലകൃഷി ഒഴിപ്പിച്ചു.മൂന്നാർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമായിരുന്നു പീച്ചാട് പ്ലാമലസിറ്റിക്ക് സമീപം ഏലകൃഷി ഒഴിപ്പിക്കൽ നടപടികളുമായി എത്തിയത്.വെള്ളിയാഴ്ച്ച പുലർച്ചെയെത്തിയ വനപാലകസംഘം 20ഏക്കറോളം സ്ഥലത്തെ ഏലകൃഷി നശിപ്പിച്ചു.കുരിശുപാറയിൽ ഒഴിപ്പിക്കലിനെത്തിയ വനപാലകസംഘത്തിന് നേരെ കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.സംഭവമറിഞ്ഞ് പ്രദേശത്തെ കർഷകരും ജനപ്രതിനിധികളും പ്രതിഷേധവുമായി എത്തി. എസ് രാജേന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയതോടെ വനംവകുപ്പുദ്യോഗസ്ഥർ നടപടി നിർത്തിവച്ചു.

വനംവകുപ്പുദ്യോഗസ്ഥർ അന്യായമായി തങ്ങളുടെ ഏലച്ചെടികൾ വെട്ടിനശിപ്പിക്കുകയാണെന്നും തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം നടപടി അവസാനിപ്പിക്കണമെന്നും പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു. അതേ സമയം മലയാറ്റൂർ റിസർവ്വ് ഫോറസ്റ്റിന്റെ ഭാഗമായുള്ളിടത്താണ് തങ്ങൾ ഒഴിപ്പിക്കൽ നടപടികൾ നടത്തിയതെന്നാണ് മൂന്നാർ ഡിഎഫ്ഒ നൽകുന്ന വിശദീകരണം.എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പുദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തും വരെ ഇരുവിഭാഗവും ഭൂമിയിൽ പ്രവേശിക്കരുതെന്ന ധാരണപ്രകാരം വനംവകുപ്പും പ്രതിഷേധക്കാരും മടങ്ങി. എസ് രാജേന്ദ്രൻ എം. എൽ. എ ക്കൊപ്പം മുൻ എംഎൽഎ എ കെ മണിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എത്തിയിരുന്നു.