
കോട്ടയം: എല്ലാ ഗ്രാമങ്ങളിലും സപ്ലൈകോ ഔട്ട് ലെറ്റുകള്‍ തുറക്കുമെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കെ.പി.എസ്. മേനോന്‍ ഹാളില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ ജില്ലാ ക്രിസ്മസ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള പൊതു വിതരണ മേഖലയുടെ പ്രയത്നത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. ക്രിസ്മസ് കിറ്റിന്‍റെ വിതരണം 25നകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സി.കെ. ശശിധരന്‍, സണ്ണി തെക്കേടം,അഡ്വ. നോബിള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ സി.എസ്. ഉണ്ണികൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. 24 വരെ നീണ്ടു നില്‍ക്കുന്ന ക്രിസ്മസ് ഫെയറില്‍ മിതമായ നിരക്കില്‍ സപ്ലൈ കോ ഉത്പന്നങ്ങള്‍ ലഭിക്കും.