ani

കോട്ടയം: നെല്ലിൻ തണ്ടുമണക്കും വഴികളാണ് ഇനി കോട്ടയം മെഡിക്കൽ കോളേജിലെത്തുന്നവരെ കാത്തിരിക്കുന്നത്. ഗാന്ധി നഗർ - മുടിയൂർക്കര പുഞ്ചപ്പാടങ്ങളുടെ ഭാഗമായ നൂറ് ഏക്കർ തരിശുനിലത്ത് കാൽ നൂറ്റാണ്ടിനിടെ ആദ്യമായി നെൽകൃഷിക്കായി വിതയൊരുക്കം നടത്തി.. മീനച്ചിലാർ -മീനന്തറയാർ- കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ജനകീയ കൂട്ടായ്മയും ഗാന്ധിനഗർ നിവാസി റസിഡൻസ് അസോസിയേഷനും കർഷകരും കൈകോർത്താണ് കൃഷിയിറക്കുന്നത്. ജീവവായൂ തേടി മെഡിക്കൽ കോളേജിലെത്തുന്നവർക്ക് ആശ്വാസമാകുന്ന വിധമാണ് പരിസരമാകെ കൃഷി നിറയുന്നത്.മെഡിക്കൽ കോളേജിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി മാലിന്യം നിറഞ്ഞ് തരിശായ നിലങ്ങളിലാണ് ഇനി നെല്ല് വിളയുക. മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ: കെ.അനിൽ കുമാർ വിതമഹോത്സവം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പാടശേഖര സമിതി കൺവീനർ ബിജു.പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ അംഗങ്ങളായ സാബു മാത്യു,ബിൻസി സെബാസ്റ്റ്യൻ,സലോമി തോമസ് പ്രിൻസിപ്പൽ കൃഷി ഓഫീസർ,തുടങ്ങിയവർ പ്രസംഗിച്ചു.