പൊൻകുന്നം:ചിറക്കടവിൽ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോൾ മൂന്നു മുന്നണികളിലും മുറുമുറുപ്പ്.ഇടതുമുന്നണിയിൽ നേതാക്കൾക്കും പ്രവർത്തകർക്കും ജയിച്ചുവന്ന സ്ഥാനാർത്ഥികൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള കുറ്റപ്പെടുത്തലുകളും ഉണ്ടാകുന്നുണ്ട്. ശ്രദ്ധക്കുറവുമൂലം ഒന്നു രണ്ടുവാർഡുകൾ നഷ്ടമായെന്നാണ് ആക്ഷേപം. സി.പി.ഐ മത്സരിച്ച 11ാം വാർഡിൽ വിമതരായി രണ്ടു മണ്ഡലം സെക്രട്ടറിമാരാണ് മത്സരിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറിയും സ്ഥാനം രാജിവെച്ച കേരള കോൺഗ്രസ് യൂത്ത്ഫ്രണ്ട് മണ്ഡലം സെക്രട്ടറിയും.ഇരുവരെയും പിൻമാറ്റാൻ മുന്നണി നേതൃത്വം വേണ്ടവിധം ശ്രമം നടത്തിയില്ലെന്നാണ് ആക്ഷേപം.ഇതുമൂലം ഒരു സീറ്റ്‌ നഷ്ടമായി.
യു.ഡി.എഫിൽ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെയാണ് വിമർശനങ്ങളേറെയും.നേതൃത്വം നിഷ്‌ക്രിയമായിരുന്നെന്നും ചില സ്ഥാനാർത്ഥികൾക്കൊപ്പം വീടുകയറാൻപോലും ആരും ഉണ്ടായിരുന്നില്ലെന്നുമാണ് പരാതി. പ്രവർത്തിക്കാൻ തയ്യാറായി വന്നവരെപ്പോലും കൂടെ നിറുത്താൻ നേതൃത്വത്തിനായില്ല.നിലവിലുണ്ടായിരുന്ന രണ്ടുസീറ്റ് നിലനിറുത്താനും കഴിഞ്ഞില്ല.ഒരു സീറ്റിൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്.കൈ നനയാതെ മീൻപിടിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയതെന്ന് ഘടകകക്ഷികളും ആക്ഷേപമുന്നയിച്ചു.

അമിതവിശ്വാസം വിനയായി

എൻ.ഡി.എയിൽ തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന അസ്വസ്ഥതകൾ മറനീക്കി പുറത്തുവന്നു. നേതാക്കളുടെ പിടിപ്പുകേടും അമിതവിശ്വാസവും എടുത്തുചാട്ടവുമാണ് ദയനീയ പരാജയത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.ബി.ഡി.ജെ.എസിനെ കൂടെ നിറുത്തി അപമാനിച്ചു എന്നാണ് ആ പാർട്ടിയിൽ ചിലരുടെ പരാതി. ബി.ജെ.പി.നേതാക്കളും പ്രവർത്തകരും ചില വാർഡുകളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചെന്നും പരാതിയുണ്ട്.