pala

പാലാ: വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്രൻമാരെ കൂട്ടുപിടിച്ച് അദ്ധ്യക്ഷ പദമേറാനുള്ള ചടുലമായ രാഷ്ട്രീയ നീക്കങ്ങളിലാണ് പാലാ മേഖലയിൽ മുന്നണികൾ നടത്തുന്നത്.
കിടങ്ങൂർ, മുത്തോലി, കൊഴുവനാൽ, ഭരണങ്ങാനം, രാമപുരം പഞ്ചായത്തുകളാണ് ഇപ്പോൾ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത്
ഈ പഞ്ചായത്തുകളിൽ ഭരണത്തിൽ എത്തണമെങ്കിൽ സ്വതന്ത്രൻമാരെ ഒപ്പം കൂട്ടണം. അല്ലെങ്കിൽ മുന്നണികളിൽ നിന്നും അടർത്തി കൂടെ ചേർക്കണം. കടനാട് , മീനച്ചിൽ , കരൂർ. പഞ്ചായത്തുകളിൽ ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇവിടെ അദ്ധ്യക്ഷൻമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അവർ.

കിടങ്ങൂർ
കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കിടങ്ങൂരിൽ 15 ൽ അഞ്ചു വാർഡുകൾ പിടിച്ച് ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. എൽ.ഡി.എഫ് ഏഴു വാർഡുകളിൽ വിജയിച്ച് ഭരണത്തിനടുത്താണ്. യു.ഡി.എഫിന് മൂന്നംഗങ്ങളാണുള്ളത്.

മുത്തോലി

ആറ് വാർഡുകളിൽ വിജയക്കുതിപ്പ് നടത്തിയ ബി.ജെ.പി മുത്തോലി പഞ്ചായത്തിൽ ഭരണത്തിനടുത്താണ്. ഒരംഗത്തിന്റെ കൂടി പിന്തുണ ലഭിച്ചാൽ ഭരണം ഉറപ്പാക്കാം. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് (എം) ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഞ്ചായത്താണിത്. ജോസ് കെ.മാണി വിഭാഗത്തിന്റെ ഉറച്ച കോട്ടയായി കണക്കാക്കിയിരുന്ന മുത്തോലിയിൽ തിരിച്ചടിയേറ്റത് പാർട്ടി നേതാക്കളെ ഞെട്ടിച്ചു. എൽ.ഡി.എഫിന് അഞ്ചംഗങ്ങളാണുളളത്. ഇവിടെ രണ്ട് കോൺഗ്രസ് അംഗങ്ങളുടെ നിലപാട് നിർണായകമാണ്.

കൊഴുവനാൽ

കഴിഞ്ഞ തവണ ഇടതു പിന്തുണയോടെ കേരളാ കോൺഗ്രസ് (എം) ഭരണം നയിച്ചിരുന്ന കൊഴുവനാലിൽ എൽ.ഡി.എഫാണ് മുന്നിൽ. ബി.ജെ.പിക്കും യു.ഡി.എഫിനും മൂന്നംഗങ്ങൾ വീതമാണുള്ളത്. ഇവിടെ വിജയിച്ച സ്വതന്ത്ര അംഗത്തിന്റെ നിലപാട് നിർണ്ണായകമാവും.

ഭരണങ്ങാനം

ഭരണങ്ങാനം പഞ്ചായത്തിൽ ഒരോയൊരു ബി.ജെ.പി അംഗത്തിന്റെ നിലപാട് നിർണായകമാണ് . 13 വാർഡുകളുള്ള ഇവിടെ യു.ഡി.എഫിനും എൽ.ഡി.എഫിനും ആറു വീതം അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസ് ഒറ്റയ്ക്ക് ഭരിച്ചിരുന്ന പഞ്ചായത്താണ്.

രാമപുരം

രാമപുരത്ത് 18 വാർഡുകളാണുള്ളത്. എട്ടെണ്ണത്തിൽ വിജയിച്ച് കോൺഗ്രസ് മുന്നിൽ. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫിനും മൂന്നംഗങ്ങളുള്ള ബി.ജെ.പിക്കും രണ്ടു സ്വതന്ത്രരുടെ പിന്തുണ കിട്ടിയാലും ഭൂരിപക്ഷം കിട്ടില്ല. കഴിഞ്ഞ തവണ മൂന്ന് വാർഡുകളിൽ വിജയിച്ച സി.പി.എം. ഇത്തവണ ചിത്രത്തിലില്ല. ഇടതു പക്ഷത്ത് കേരളാ കോൺഗ്രസ് എം അംഗങ്ങൾ മാത്രമാണുള്ളത്.

മീനച്ചിൽ
ഇടതുപക്ഷത്തിന് വ്യക്തമായ ഭുരിപക്ഷം ലഭിച്ച ഇവിടെ സി.പി.എം നാലിടത്ത് വിജയം നേടി. കേരളാ കോൺഗ്രസ് എമ്മിന്റെ ഉറച്ച കോട്ടയായിരുന്നു മീനച്ചിൽ. ഇത്തവണ അവർ മൂന്ന് സീറ്റിൽ ഒതുങ്ങി. . കഴിഞ്ഞ തവണ മൂന്ന് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ രണ്ടു സീറ്റ്. കോൺഗ്രസ് ഇത്തവണയും ചിത്രത്തിലില്ല.

കടനാട്
കഴിഞ്ഞ തവണ പാതിവഴിയിൽ യു.ഡി.എഫിിൽ നിന്ന് ഭരണം പിടിച്ച ഇടതുപക്ഷത്തിന് കേരളാ കോൺഗ്രസ് എമ്മിനെ കൂടെക്കൂട്ടിയപ്പോൾ മികച്ച വിജയം കിട്ടി . സി.പി.എമ്മിന് അഞ്ചും കേരളാ കോൺഗ്രസ് എമ്മിന് നാലും അംഗങ്ങളുണ്ട്. കഴിഞ്ഞ തവണ നാലുണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ മൂന്ന് .

കരൂർ
എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച കരൂരിൽ കേരള കോൺഗ്രസിലെ (എം) മഞ്ചു ബിജു അദ്ധ്യക്ഷയാകാനാണ് സാദ്ധ്യത. അല്ലപ്പാറ ഒമ്പതാം വാർഡിൽ നിന്നാണ് വിജയിച്ചത്. കരൂരിൽ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കേരള കോൺ. (എം) ഉൾപ്പെട്ട ഇടതുമുന്നണിക്ക് 15ൽ 10 സീറ്റാണ് ലഭിച്ചത്.