
ബിൻസിയുടെ വീട്ടിലേയക്ക് നേതാക്കളുടെ ഒഴുക്ക്
കോട്ടയം: കിണ്ണത്തിന്റെ വക്കത്തെ കടുകുപോലെ നിൽക്കുന്ന കോട്ടയം നഗരസഭാഭരണത്തിനായി 52 ാം വാർഡിൽ നിന്നു ജയിച്ച കോൺഗ്രസ് വിമത ബിൻസി സെബാസ്റ്റ്യനു പിന്നാലെ മുന്നണി നേതാക്കൾ. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയും തോമസ് ചാഴികാടൻ എം.പിയും പിന്തുണ അഭ്യർത്ഥിച്ച് ഇന്നലെ ബിൻസിയുടെ വീട്ടിലെത്തി . സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനും പിന്നാലെയെത്തി പ്രാഥമിക ചർച്ച നടത്തി. ഇതറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എയും ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും വീട്ടിലെത്തി ഭർത്താവുമായി ചർച്ച നടത്തി. ചെയർപേഴ്‌സൺ സ്ഥാനം നൽകാമെന്നാണ് നേതാക്കളുടെ വാഗ്ദാനം. ബിൻസി ആരോടും മനസ് തുറന്നിട്ടില്ല.
രാഷ്‌ട്രീയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അവർ ഇടതു ചായ്‌വുള്ള മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുത്തതും രാഷ്‌ട്രീയ ചർച്ചയായി. സീറ്റ് നിഷേധിച്ചതിനെ തുടർന്നു പ്രതിഷേധിച്ച ബിൻസിയെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ, ഇവർക്കു പോലും ബിൻസിയെ അനുനയിപ്പിക്കാനായിട്ടില്ല.
നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിൻസി ഒരു തരത്തിലും കോൺഗ്രസിനോട് അടുക്കാൻ സാദ്ധ്യതയില്ല. ഈ സാഹചര്യത്തിൽ നഗരസഭയിൽ ഒരംഗം മാത്രമുള്ള കേരള കോൺഗ്രസ് വലിയ ഓഫർ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. ബിൻസി ഇതിൽ വീഴുമെന്നാണ് സൂചന.