maniyaranpara

കട്ടപ്പന: ഇടുക്കിയുടെ വശ്യസൗന്ദര്യം ജാലകം കണക്കെ തുറന്നിട്ട് കട്ടപ്പനയിലെ മണിയാറൻപാറ. സദാസമയം വീശുന്ന കാറ്റിൽ പാറമടക്കുകളിൽ കയറിനിന്ന് വിസ്മയക്കാഴ്ചകളെല്ലാം ആസ്വദിച്ചുമടങ്ങാം. സ്വദേശികൾക്കു പോലും അത്ര പരിചിതമല്ലാത്ത മണിയാറൻപാറയിൽ നിന്നുള്ള കാഴ്ചകൾ സന്ദർശകർക്ക് ഏറെ ആസ്വാദ്യകരമാണ്. സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ടാണ് ആളുകൾ ഇവിടേയ്ക്ക് ഇപ്പോൾ എത്തുന്നത്.
കട്ടപ്പനമാലി റോഡിലെ മേട്ടുക്കുഴിയിൽ നിന്ന് മൺപാതയിലൂടെയുള്ള സഞ്ചരിച്ച് ഇവിടെയെത്താം. കയറ്റിറക്കങ്ങളും ഉരുളൻ കല്ലുകളും നിറഞ്ഞ പാത താണ്ടി മലമുകളിലെത്തിയാൽ ആരും നിരാശരാകേണ്ടി വരില്ലെന്നുറപ്പ്. പച്ചപ്പിനു നടുവിലെ താടകത്തെ അനുസ്മരിപ്പിച്ച് ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രം, കട്ടപ്പന നഗരത്തിന്റെ ആകാശക്കാഴ്ച തുടങ്ങി മൂന്നാർ ഗ്യാപ്പ് റോഡും ഇവിടെ നിന്നു കാണാനാകും. അതിരാവിലെ എത്തിയാൽ പഞ്ഞിക്കെട്ടുകൾ പോലെ കട്ടപ്പനയെ മൂടിക്കിടക്കുന്ന മേഘപാളികളും കാണാം. കല്യാണത്തണ്ട് മലനിരകളുടെ അത്ര ഉയരവും മണിയാറപാറ മലയ്ക്ക് ഉണ്ട്. ബൈക്കിലോ ജീപ്പിലോ മാത്രമേ ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയൂ. സാഹസികത ഇഷ്ടപ്പെടുന്ന നിരവധി പേർ ഇവിടെയെത്തി ടെന്റ് കെട്ടി താമസിക്കുന്നുണ്ട്.