
ചങ്ങനാശേരി: റെയിൽവേ ബൈപ്പാസിൽ റോഡരികിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. ചങ്ങനാശേരി ബൈപ്പാസ് റോഡിലെ കാട് പിടിച്ചുകിടക്കുന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്കും റോഡരികിലേക്കുമാണ് രാത്രി കാലങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നത്. ഇവിടെ ചെറുതും വലുതുമായ മാലിന്യചാക്കുകളാണ് കാണപ്പെടുന്നത്. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡാണിത്. പാലാത്ര ബൈപ്പാസിൽ നിന്നും വാഴൂർ ഭാഗത്തുനിന്നും വരുന്ന വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കൂടാതെ, റെയിൽവേയ്ക്കു മുൻവശത്തുകൂടെ പോകുന്ന റോഡ് കൂടിയാണിത്. ഇതിനു സമീപത്തായാണ് ഇത്തരത്തിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നത്.
ഇടക്കാലത്ത് റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന് ഇരുവശത്തെ കാടുകൾ തെളിക്കുകയും മണ്ണടിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും റോഡരിക് കാട് മൂടിയതിനാൽ മാലിന്യങ്ങൾ ഇതിനിടയിലേക്കാണ് തള്ളുന്നത്. രാത്രികാലങ്ങളിലാണ് മാലിന്യം തള്ളൽ വ്യാപകമാവുന്നത്. അറവ് മാലിന്യങ്ങൾ, ഹോട്ടലിൽ നിന്നുള്ള ഇറച്ചി വേസ്റ്റുകൾ, മറ്റ് ഭക്ഷണാവശിഷ്ടങ്ങൾ, വിവാഹ-സൽക്കാര പാർട്ടികളിൽ ബാക്കി വരുന്ന ഭക്ഷണവും പ്ലേറ്റുകളും, ജൈവ-അജൈവമാലിന്യങ്ങൾ എന്നിവ തള്ളുന്നവയിൽ ഉൾപ്പെടുന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റും വന്നാണ് മാലിന്യങ്ങൾ തള്ളുന്നത്.
റോഡിൽ തന്നെ വലിച്ചെറിയുന്ന മാലിന്യ ചാക്കുകൾ വാഹനങ്ങളിൽ തട്ടി റോഡിൽ ചതഞ്ഞരഞ്ഞ് ചിതറിക്കിടക്കുന്നതും പതിവാണ്. അസഹ്യമായ ദുർഗന്ധം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. ഈ ഭാഗത്ത് മാലിന്യത്തിൽ തട്ടി വേണം നടന്നുപോകാനെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. കാക്കകളും പക്ഷികളും യഥേഷ്ടം പറന്നു നടക്കുന്ന ഇവിടം ഇറച്ചിയുടെയും മറ്റും അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും മറ്റും കൊണ്ടിടുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നു. കാട് മൂടിയത് മാലിന്യം തള്ളുന്നവർക്ക് സൗകര്യപ്രദമായി മാറുകയാണ്. വഴിലൈറ്റുകൾ തെളിയാത്തതും രാത്രികാലങ്ങളിലെ അനുകൂലാവസ്ഥയും ഇക്കൂട്ടർ മുതലെടുക്കുന്നു. ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെയും ശല്യം വർദ്ധിച്ചുവരികയാണ്. തിരക്കില്ലാത്ത റോഡും ഒരു ഭാഗം കാട് പിടിച്ച് കിടക്കുന്നതും മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്ക് അനുഗ്രഹമാകുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന ഒരു ചെറിയ ബോർഡ് പോലും ഈ ഭാഗത്ത് സ്ഥാപിച്ചിട്ടില്ല. ചങ്ങനാശേരി നഗരസഭയിലെ പുതുതായി വരുന്ന ഭരണസമിതി അംഗങ്ങൾ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.