fb

കോട്ടയം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയുടെ 27.5 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും തട്ടിയെടുത്ത യുവാവിനെതിരെ കേസ്. പെൺകുട്ടി മുട്ടം പൊലീസിൽ നല്കിയ പരാതിയെ തുടർന്നാണ് പൊലീസ് കേസ് എടുത്തത്. പത്തനംതിട്ട സ്വദേശിയായ 27കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ യുവാവ് ഒളിവിൽ പോയതായി മുട്ടം പൊലീസ് വ്യക്തമാക്കി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയുമായി പലസ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നതായി വ്യക്തമായിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്കിയാണ് ഇയാൾ പെൺകുട്ടിയെ വശത്താക്കിയത്. സാമ്പത്തികമായി നല്ല നിലയിലായിരുന്ന പെൺകുട്ടിയിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അറിയുന്നത്.

പണവും സ്വർണവും തിരികെ ചോദിച്ചതോടെ ഇയാൾ പെൺകുട്ടിയോട് തട്ടിക്കയറുകയായിരുന്നു. കൂടാതെ വിവാഹം കഴിക്കില്ലായെന്ന് പറയുകയും ചെയ്തു. അതോടെ നിരാശയിലായ പെൺകുട്ടി പൊലീസിൽ പരാതി നല്കുകയായിരുന്നു. പൊലീസ് യുവാവിനെ വിളിച്ചുവരുത്തി പണവും സ്വർണാഭരണങ്ങളും തിരികെ നല്കണമെന്ന് ആവശ്യപ്പെട്ടു. നൽകാമെന്ന് പറഞ്ഞ ശേഷം സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ യുവാവ് സ്ഥലം വിടുകയായിരുന്നു.

ആറു മാസം മുമ്പാണ് പലപ്പോഴായി ഇയാൾ പണം കൈപ്പറ്റിയത്. ബാങ്കിൽ പിതാവ് പെൺകുട്ടിയുടെ പേരിലിട്ട പണമാണ് ഇയാൾ കൈവശപ്പെടുത്തിയത്. പണം തീർന്നതോടെ സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് വീട്ടുകാർ അറിയാതെ പെൺകുട്ടി കാമുകന് ഊരിക്കൊടുത്തത്. പണയപ്പെടുത്താനാണ് ആഭരണങ്ങൾ നല്കിയതെങ്കിലും ഇയാൾ ഇത് വിറ്റുവെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.