abhaya-case

കോട്ടയം: അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന അഗസ്റ്റിൻ. കേസിന്റെ ആദ്യ ഘട്ടത്തിൽ പയസ് ടെൻത് കോൺവെന്റിൽ എത്തിയ അഗസ്റ്റിൻ നിർണ്ണായക തെളിവുകൾ നശിപ്പിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഒടുവിൽ അഗസ്റ്റിൻ സ്വയം ജീവൻ അവസാനിപ്പിക്കുകയായിരുന്നു.

കേസിൽ നിരവധി തവണ സി.ബി.ഐ ചോദ്യം ചെയ്യലിനു വിധേയനാക്കിയ എ.എസ്.ഐ അഗസ്റ്റിനെ 2008 നവംബർ 28 ന് ഇത്തിത്താനത്തെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സി.ബി.ഐയുടെ മാനസിക പീഡനത്തെ തുടർന്നാണ് അഗസ്റ്റിൻ ജീവനൊടുക്കിയത് എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ ആരോപണവുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സി.ബി.ഐയുടെ മാനസിക പീഡനത്തെ തുടർന്നാണ് അഗസ്റ്റിന്റെ ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്.