വെച്ചൂർ : വെച്ചൂർ പഞ്ചായത്തിലെ വലിയവെളിച്ചം പാടശേഖരത്തിൽ വിളവെടുപ്പ് കഴിഞ്ഞിട്ട് 20 ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11ന് പാടശേഖര സമിതി കൺവീനർ സി.എസ്.രാജു നിരാഹാര സമരം തുടങ്ങും. നെല്ലിന്റെ ഈർപ്പത്തിന്റെ പേരിൽ 10 കിലോയിൽ കുറയാതെയുള്ള കിഴിവാണ് റൈസ് മില്ലിന്റെ ഏജന്റ് കർഷകരോട് ആവശ്യപ്പെട്ടത്. ഈർപ്പം കുറയുന്നതിനുവേണ്ടി ദിവസങ്ങളോളം നെല്ല് ഉണക്കി പുറം ചിറകളിൽ സൂക്ഷിച്ച് കാത്തിരിക്കുകയാണ് കർഷകർ. പാഡി ഓഫീസർ പരിശോധിച്ച് നെല്ലിന്റെ നിലവാരം ഉറപ്പാക്കിയിരുന്നു. എന്നിട്ടും കൃഷിവകുപ്പിന്റെ നിർദേശം അംഗീകരിക്കാൻ മില്ലുടമകൾ തയാറാകുന്നില്ലെന്ന് പാടശേഖരസമിതി ഭാരവാഹികൾ ആരോപിച്ചു.