
പൊലീസിന്റെ ജോലി ഭാരം കുറയ്ക്കാനുള്ള റിപ്പോർട്ടിന് ധനകാര്യവകുപ്പിൻ്റെ കട്ട്
കോട്ടയം: ഇൻസ്പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതിനു പിന്നാലെയുണ്ടായ ജോലി ഭാരം ലഘൂകരിക്കുന്നതിനായി ജില്ലയിലെ പൊലീസ് സബ് ഡിവിഷനുകൾ വിഭജിയ്ക്കാനുള്ള പൊലീസ് റിപ്പോർട്ട് നടപ്പായില്ല. ആഭ്യന്തര വകുപ്പ് റിപ്പോർട്ട് അംഗീകരിച്ചെങ്കിലും ധനകാര്യ വകുപ്പ് അനുവാദം നൽകിയില്ല.
2018 ൽ ഹരിശങ്കർ ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് ജില്ലയിൽ പുതുതായി നാലു പൊലീസ് സബ് ഡിവിഷനുകൾ കൂടി രൂപീകരിക്കാൻ തീരുമാനിച്ചത്. കോട്ടയം വിഭജിച്ച് ഏറ്റുമാനൂരിലും പാലാ വിഭജിച്ച് ഈരാറ്റുപേട്ടയിലും പുതിയ സബ് ഡിവിഷൻ രൂപീകരിക്കാമെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്. എരുമേലിയും മണിമലയുംകൂടി സബ് ഡിവിഷനാക്കുന്നതിനും ശുപാർശ ഉണ്ടായിരുന്നു.
പുതുതായി അഞ്ച് ഡിവൈ.എസ്.പിമാർ എത്തുന്നതോടെ പൊലീസ് സ്റ്റേഷനുകളുടെ മേൽനോട്ടം ശക്തമാകും. സി.ഐമാർ എസ്.എച്ച് ഒ ആയതിനാൽ സ്റ്റേഷനുകളിൽ മേൽനോട്ട വീഴ്ചയുണ്ടാകുന്നുവെന്ന ആരോപണം ഇല്ലാതാക്കാനാണ് ഡിവൈ.എസ്.പി ഓഫീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
നിലവിലെ സബ് ഡിവിഷനുകൾ
കോട്ടയം
ചങ്ങനാശേരി
വൈക്കം
പാലാ
കാഞ്ഞിരപ്പള്ളി
പൊലീസ് സ്റ്റേഷനുകൾ 33