party

കോട്ടയം: ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞതേയുള്ളെങ്കിലും മുന്നണികളെല്ലാം അടുത്ത തിരക്കിലായി. ആറ് മാസത്തിനകം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നീക്കങ്ങൾ. മണ്ഡലങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കുകയാണ് ഇതിൽ പ്രധാനം. കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം എൽ.ഡി.എഫിനും യു.ഡി.എഫിനും പല മണ്ഡലങ്ങളിലും തലവേദനയാണ്. ഏതു പാർട്ടി മത്സരിക്കണം, ആരു സ്ഥാനാർത്ഥിയാകണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു തീരുമാനവുമായിട്ടില്ല.

എൻ.ഡി.എയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കോട്ടയം, പുതുപ്പള്ളി, വൈക്കം, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഒഴികെ സീറ്റു വിഭജന, സ്ഥാനാർത്ഥി നിർണയ കാര്യങ്ങളിൽ യു.ഡി.എഫിന് ഏറെ മുന്നൊരുക്കങ്ങൾ നടത്തേണ്ടതായി വരും. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ ക്ഷീണം നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവാതിരിക്കാൻ ഏറെ പണിപ്പെടണം. ഇനിയുള്ള ഓരോ ചുവടും സൂക്ഷിക്കണം. പല പ്രമുഖരും നിയമസഭാ സീറ്റ് ലക്ഷ്യംവച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ഇവരെയെല്ലാം തൃപ്തിപ്പെടുത്തണം.

യു.ഡി.എഫ്

ഏറ്റുമാനൂർ മണ്ഡലത്തിനായി കോൺഗ്രസിനൊപ്പം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും അവകാശം ഉന്നയിക്കും. ഏതു പാർട്ടിക്ക് സീറ്റ് അനുവദിച്ചാലും സ്ഥാനാർത്ഥി നിർണയം തർക്കത്തിന് കാരണമാകും. പാലായിൽ മാണി സി.കാപ്പനെ ഒപ്പം കൊണ്ടുവന്നുള്ള പരീക്ഷണത്തിന് യു.ഡി.എഫ് ലക്ഷ്യമിടുമ്പോഴും ഒരു പറ്റം സ്ഥാനമോഹികളായ യു.ഡി.എഫ് നേതാക്കൾക്ക് ഇത് അത്ര ദഹിച്ചിട്ടില്ല. ഷോൺ ജോർജിന്റെ അട്ടിമറി വിജയത്തോടെ പൂഞ്ഞാറിൽ ജനപക്ഷം നിർണായക ശക്തിയായി. പൂഞ്ഞാറിൽ പി.സി. ജോർജിനെ കൂടെക്കൂട്ടാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഐ ഗ്രൂപ്പിനും ലീഗിനും താത്പര്യമില്ല. കാഞ്ഞിരപ്പള്ളിയിൽ സീറ്റു മോഹിക്കുന്ന ഒരു സംഘം കോൺഗ്രസുകാർ മുന്നണിയ്ക്ക് തലവേദനയാകും. ചങ്ങനാശേരിക്കായി ഒരുപോലെ മോഹിക്കുന്ന കോൺഗ്രസും കേരളാ കോൺഗ്രസും അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ഇരു പാർട്ടികളിലും ഈ സീറ്റിൽ നോട്ടമിട്ടിരിക്കുന്നത് ഒന്നിലേറെപ്പേരാണ്.

എൽ.ഡി.എഫ്

ജോസ് കെ.മാണിയുടെ വരവോടെ സമാന പ്രശ്നം എൽ.ഡി.എഫിനെ കീഴടക്കുന്നു. ഏറ്റുമാനൂർ ലഭിക്കാൻ സാദ്ധ്യതയില്ലെങ്കിലും കേരളാ കോൺഗ്രസ് അവകാശം ഉന്നയിക്കും. കടുത്തുരുത്തിയിൽ ആരെ മത്സരിപ്പിക്കണമെന്നത് കേരളാ കോൺഗ്രസിലെ അടുത്ത തർക്കം. വൈക്കം നഗരസഭ കൈവിട്ടത് മുന്നണിയിൽ കല്ലുകടിയാണ്. പാലായിൽ കേരളാ കോൺഗ്രസിന് മാണി സി.കാപ്പന്റെ നിലപാട് പ്രശ്നമാകും. പൂഞ്ഞാർ കേരളാ കോൺഗ്രസിന് നൽകിയേക്കും. കാഞ്ഞിരപ്പള്ളിയ്ക്കായി സി.പി.ഐ. അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ചങ്ങനാശേരി വാങ്ങി കാഞ്ഞിരപ്പള്ളി വിട്ടു നൽകിയേക്കാം. ജനാധിപത്യ കേരളാ കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ചങ്ങനാശേരി സി.പി.ഐയ്ക്ക് നൽകുന്നത് മറ്റൊരു പ്രശ്നമാണ്. കോട്ടയത്തും പുതുപ്പള്ളിയിലും ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയാകും സി.പി.എമ്മിന് വെല്ലുവിളി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരു മണ്ഡലങ്ങളിലുമുണ്ടാക്കിയ മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തണം.

എൻ.ഡി.എ

ഗ്രൂപ്പ് പോരാണ് പ്രധാന പ്രശ്നം. കാഞ്ഞിരപ്പള്ളി നോക്കി ജില്ലാ പ്രസിഡന്റടക്കം ഒരു ഡസൻ ആളുകളുണ്ട്. കോട്ടയത്ത് മത്സരിക്കാൻ മുൻ നഗരസഭാ കൗൺസിലറിന് പുറമേ യുവമോർച്ച സംസ്ഥാന നേതാവും രംഗത്തുണ്ട്.