
കോട്ടയം: ഈഴവ വിഭാഗത്തിന് ഭൂരിപക്ഷമുള്ള തിരുവാർപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇക്കുറിയും മറ്റ് സമുദായങ്ങൾക്ക് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി സി.പി.എം നേതാവ് അജയൻ കെ. മേനോനെയും വൈസ് പ്രസിഡന്റായി സി.പി. ഐ പ്രതിനിധി നായർ സമുദായാംഗമായ രശ്മിയെയും തീരുമാനിച്ചുറപ്പിച്ചു. ഈ രണ്ടു പാർട്ടികളിലും നിരവധി ഈഴവ സമുദായക്കാർ ജയിച്ചിട്ടും അവരെ ഒന്നും പരിഗണിക്കാതെ പഞ്ചായത്ത് സമിതിയിൽ ആദ്യമായി മത്സരിച്ചു ജയിച്ച മുന്നാക്ക വിഭാഗത്തിൽ പെട്ടവരെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആക്കുന്നതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ പഞ്ചായത്ത് സമിതിയിൽ പ്രസിഡന്റ് ക്രിസ്ത്യൻ വിഭാഗത്തിലും വൈസ് പ്രസിഡന്റ് മുസ്ലിം വിഭാഗത്തിലുമുള്ളവരാണ്. തിരുവാർപ്പിലെ ഇടതുപക്ഷ പ്രവർത്തകരിലേറെയും ഈഴവ വിഭാഗക്കാരാണ്. എന്നാൽ പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം സമീപ കാലത്തൊന്നും ലഭിച്ചിട്ടുമില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ഏറെ വിയർപ്പൊഴുക്കുന്നവരെ അധികാരം ലഭിക്കുമ്പോൾ സ്ഥിരമായി അകറ്റി നിറുത്തുന്നുവെന്നാണ് പരാതി.
ഇന്നും ജാതീയവിവേചനം
തിരുവാർപ്പ് ക്ഷേത്രത്തിന് സമീപത്തെ വഴികളിലൂടെ പിന്നാക്കക്കാർക്ക് നടക്കുന്നതിനുള്ള അവകാശത്തിനായി പോരാടിയ ടി.കെ.മാധവന്റെ ചോരവീണ മണ്ണാണ് തിരുവാർപ്പിലേത്. സവർണരുടെ ക്രൂര മർദ്ദനമേറ്റ് അനാരോഗ്യവാനായാണ് ടി.ക.മാധവൻ മരിക്കുന്നത്. ഇന്നും ജാതീയവിവേചനം ഇവിടെ നിലനിൽക്കുകയാണ്. തിരുവാർപ്പ് ക്ഷേത്രത്തിലെ പ്രസിദ്ധമായ ഒഷപ്പായസം വർഷത്തിലൊരിക്കൽ കരക്കാർക്ക് സൗജന്യമായി നൽകണമെന്ന ദേവസ്വം രേഖ തിരുത്തി കരയോഗക്കാർക്ക് എന്ന് മാറ്റി പിന്നാക്കക്കാരെ വഞ്ചിച്ചതിനെതിരെ കേരളകൗമുദിയിൽ നിരന്തരം വാർത്ത നൽകിയ ശേഷമായിരുന്നു കരക്കാർക്ക് മുഴുവൻ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ഭൂരിപക്ഷമുള്ള ഈഴവ സമുദായാംഗങ്ങളെ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗിക്കണമെന്ന ആവശ്യവുമായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
തിരുവാർപ്പ്: ആകെ സീറ്റ് 18
ഈഴവർ: 8 (സി.പി.എം -4, സി.പി.ഐ -1, കോൺഗ്രസ് -2, ബി.ജെ.പി -1).
നായർ: 3 (സി.പി.എം 2, സി.പി.ഐ 1)
മറ്റുവിഭാഗക്കാർ : മുസ്ലിം 4 (സി.പി.എം 2, സി.പി.ഐ 1, എസ്.ഡി.പി.ഐ -1)
ക്രൈസ്തവർ: 2 (കോൺഗ്രസ് 2 )
പട്ടികജാതി: 1 (സി.പി.ഐ 1 )