
വൈക്കം : കൃഷിരീതിയുടെ പുത്തനറിവുകൾ നേടിയ വിദ്യാർത്ഥികൾ സ്‌കൂൾ വളപ്പിൽ നടത്തിയ ജൈവപച്ചക്കറികൃഷിക്ക് നൂറുമേനി വിളവ്. ആശ്രമം സ്‌കൂളിലെ കൃഷിപാഠം പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വളപ്പും പുരയിടങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ട വിളവെടുപ്പിലാണ് ഈ നേട്ടം.
സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻ. എസ്. എസ്. യൂണിറ്റുകൾ, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, പി. ടി. എ. എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കൃഷി. ഓരോ കൃഷിക്കും അനുകൂലമായ സാഹചര്യങ്ങൾ കണ്ടെത്തിയാണ് കൃഷി നടത്തിയത്. ജൈവകീടനാശിനിയും, ജൈവവള പ്രയോഗവും നടത്തി വിഷരഹിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം സ്‌കൂൾ വളപ്പ് ചലനമറ്റപ്പോൾ കൃഷിയിലൂടെ അവർ ഉണർവേകി.
പടവലം, വഴുതന, ചീര, വെള്ളിരി, വെണ്ട, പാവൽ, പയർ, തക്കാളി, ചേന, റാഡിഷ്, വാഴ, മത്തൻ, കുമ്പളം, തണ്ണിമത്തൻ, കുക്കുമ്പർ എന്നീ ഇനങ്ങളാണ് കൃഷി ചെയ്തത്. തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് നെൽകൃഷിയും നാല് ഏക്കർ സ്ഥലത്ത് പച്ചക്കറികൃഷിയും രണ്ട് കുളങ്ങളിൽ കരിമീൻ കൃഷിയും പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ. ബിന്ദുവും ഉത്പ്പന്ന വിപണനം വൊക്കേഷണൽ ഹയർസെക്കന്ററി പ്രിൻസിപ്പൽ ഷാജി ടി. കുരുവിളയും നിർവ്വഹിച്ചു. പ്രഥമ അദ്ധ്യാപിക പി. ആർ. ബിജി, എൽ. പി. വിഭാഗം ഹെഡ്മാസ്റ്റർ പി. ടി. ജിനീഷ്, പി. ടി. എ. പ്രസിഡന്റ് പി. പി. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ, പ്രീതി വി. പ്രഭ, അമൃത പാർവ്വതി എന്നിവർ നേതൃത്വം നൽകി.