kottayam

വിമതരായി മത്സരിച്ചു ജയിച്ചവർക്ക് വൻ ഡിമാൻഡ് . പിന്തുണച്ചാൽ എന്തും തരാമെന്ന വാഗ്ദാനവുമായി നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും വിമതരുടെ വീടുകയറിയിറങ്ങുന്ന നാണം കെട്ട കാഴ്ചയാണ് ചുറ്റുവട്ടത്തിപ്പോൾ.

ശക്തമായ ത്രികോണ മത്സരം നടന്ന നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ ഇടതു വലതു മുന്നണികൾക്ക് തനിച്ച് ഭൂരിപക്ഷമില്ല. ബി.ജെ.പി കൂടി ചേർന്നാൽ ഭരിക്കാമെങ്കിലും പകൽ വെളിച്ചത്തിൽ ബി.ജെ.പിയുമായി കൂട്ടുകൂടാൻ മാനക്കേടുള്ളതിനാൽ വിമതരായി ജയിച്ചവരുടെ പിറകേ ലക്ഷം ലക്ഷം പിന്നാലെ എന്ന മുദ്രാവാക്യം വിളികളോടെ ആദ്യമെത്താൻ മത്സരിക്കുകയാണ് ഇടതു, വലതു മുന്നണി നേതാക്കൾ.

ജില്ലയിലെ ആറ് നഗരസഭകളിൽ പാലാ ഒഴിച്ച് കോട്ടയം, ചങ്ങനാശേരി , വൈക്കം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ല .19 പഞ്ചായത്തുകളിലും ആർക്കും ഭൂരിപക്ഷമില്ല. കയ്യാലപ്പുറത്തെ തേങ്ങപോലെ അങ്ങോട്ടോ ഇങ്ങോട്ടൊ ഭരണം മാറാമെന്നു വന്നതോടെയാണ് വിമതന്മാരാരായി ജയിച്ചവർക്ക് ഡിമൻഡ് ഏറിയത്.

വിമതരായി മത്സരിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കോൺഗ്രസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാതെ വന്നതോടെ പറഞ്ഞതെല്ലാം വിഴുങ്ങി വിമതരുടെ വീട് കയറുകയാണ് നേതാക്കളിപ്പോൾ . ചോദിച്ച സീറ്റു കൊടുക്കാതിരുന്നവർ ഇടതു മുന്നണിക്കാർ വിമതയുടെ വീടുകയറിയതറിഞ്ഞ് കൂടുതൽ വാഗ്ദാനങ്ങളുമായിട്ടായിരുന്നു രണ്ടാം വരവ്. കോട്ടയത്തെ ഒരു നഗരസഭയിൽ നിന്നു ജയിച്ച വിമത സ്ഥാനാർത്ഥിയുടെ പിന്തുണ വേണമെങ്കിൽ അഞ്ചു വർഷവും ചെയർപേഴ്സൺ ആക്കണമെന്നായിരുന്നു മിനിമം ഡിമാൻഡ് . ആര് ആദ്യം ഉറപ്പു പറയുന്നോ അവർക്ക് പിന്തുണ എന്നായിരുന്നു കണ്ടീഷൻ. അഞ്ചു ലക്ഷം രൂപ ഒരു മുന്നണിക്കാർ ഓഫർ ചെയ്തപ്പോൾ പത്തുലക്ഷം തന്നാൽ പിന്തുണക്കാമെന്നായിരുന്നത്രേ അടുത്ത മുന്നണിക്കാരോട് പറഞ്ഞത് . കാലുമാറ്റത്തിൽ റെക്കാഡിട്ട ചങ്ങനാശേരിയിൽ പണ്ടേ വിമതന്മാരുടെ കച്ചവടമായിരുന്നു. ഓരോ അവിശ്വാസത്തിലും വിമതന്മാർ താരമാകും. ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷരതാ നഗരമായ കോട്ടയത്തും ഇപ്പോൾ വിമതർക്ക് ഡിമാൻഡായി.

ജയസാദ്ധ്യത നോക്കാതെ ഗ്രൂപ്പുകളിച്ചും പേമെന്റ് സീറ്റാക്കിയും സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയതിന്റെ ദോഷം കാരണമാണ് ഇരു മുന്നണികൾക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയത്. കുറഞ്ഞത് പത്തു സീറ്റെങ്കിലും സ്ഥാനാർത്ഥികളുടെ കഴിവ് കേട് കൊണ്ട് ഇരുമുന്നണികളും കോട്ടയത്ത് നഷ്ടപ്പെടുത്തി. തനിക്ക് സീറ്റില്ലെങ്കിൽ മറ്റവൻ ജയിക്കരുതെന്ന വിചാരത്തോടെ "പ്രവർത്തിക്കുകയും" ജയസാദ്ധ്യതയില്ലാത്ത വാർഡുകളിൽ പാർട്ടി മത്സരിപ്പിച്ച് തോൽപ്പിക്കുകയും ചെയ്ത നിരവധി പ്രമുഖർ ഇരു മുന്നണികളിലുമുണ്ട്. ഇങ്ങനെ ജയിക്കാമായിരുന്ന സീറ്റുകൾ ഇല്ലാതാക്കിയിട്ട് റിബലുകളുടെ പിറകേ എന്തും തരാമെന്നു പറഞ്ഞു പായുന്നത് ശരിയാണോ എന്നാണ് ചുറ്റുവട്ടത്തിന് ചോദിക്കാനുള്ളത്.!.

റിബലുകളുടെ പിന്തുണയിൽ ഭരണം പിടിച്ചെടുത്താൽ ആരുടെ താത്പര്യം സംരക്ഷിക്കും ? അഞ്ചു വർഷത്തേക്ക് ചെയർമാൻ അല്ലെങ്കിൽ ചെയർപേഴ്സൺ ആക്കി ചുമന്നുകൊള്ളാമെന്ന് (ഇരിക്കാൻ പറഞ്ഞാൽ കിടന്നു കൊള്ളാമെന്ന്) എഗ്രിമെന്റ് വച്ച് കച്ചവടം ഉറപ്പിച്ചാൽ പിന്നെ ചക്കരക്കുടത്തിൽ കൈയിട്ടു നക്കിയുള്ള സകല അൽഗുൽത്ത് കച്ചവടത്തിനും കൂട്ടുനിന്ന് നാറേണ്ടി വരും. ഭരണമില്ലെങ്കിൽ ഇല്ലന്നേ ഉള്ളൂ. ഈ നാറ്റ കച്ചവടത്തിന് കൂട്ടു നിൽക്കണോ എന്ന് ഇരു മുന്നണി നേതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു....