road
സംസ്ഥാനപാതയില്‍ ആമയാറിനു സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് ടാര്‍ വീപ്പുകളും കല്ലുകളും നിരത്തിവച്ചിരിക്കുന്നു.

കട്ടപ്പന: കുമളി മൂന്നാർ സംസ്ഥാനപാതയിൽ അപകട മുന്നറിയിപ്പായി സ്ഥാപിച്ചിരിക്കുന്ന ടാർ വീപ്പകളും കല്ലുകളും വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ആമയാറിനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന ഭാഗത്താണ് വീപ്പകളും കല്ലുകളും നിരത്തിയിരിക്കുന്നത്. എന്നാൽ സംരക്ഷണ ഭിത്തി പുനർ നിർമിക്കാത്തതിനാൽ ഇവിടെ നിന്നു ഇവ മാറ്റാനും കഴിയില്ല. കഴിഞ്ഞ മഴക്കാലത്ത് ആമയാറിനും പുളിൻമലയ്ക്കുമിടയിൽ രണ്ടു വളവുകൾക്കിടയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നത്. ഇവിടത്തെ ടാറിംഗിനും വിള്ളൽ വീണിട്ടുണ്ട്. റോഡ് അപകടാവസ്ഥയിലായതോടെ ഒരുവശത്ത് കൂടി മാത്രമാണിപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. വളവുകളിൽ മറ്റു സൂചനാ ബോർഡുകൾ ഇല്ലാത്തതിനാൽ രണ്ടുവശത്തു നിന്നും വാഹനങ്ങൾ എത്തുന്നതാണ് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ ഒഴിവാകുന്നത്. കഴിഞ്ഞദിവസം തങ്കമണി റോഡിൽ ടാർ വീപ്പയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചിരുന്നു. അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ച് ഗതാഗതം സുഗമമാക്കിയില്ലെങ്കിൽ ഇവിടെയും അപകടമുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.