പൊൻകുന്നം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായ പൊൻകുന്നം പാലാ റോഡിലെ സോളാർ ലൈറ്റുകൾ തെളിക്കാൻ ഇനിയും നടപടിയില്ല. ഇതുസംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചെങ്കിലും നടപടികൾ വൈകുകയാണ്. ലൈറ്റുകളുടെ പരിപാലനം അനർട്ടിനെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിരുന്നു. റോഡിൽ സ്ഥാപിച്ച സോളാർ ലൈറ്റുകളുടെ പരിപാലനം തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടായിരുന്നു കെ.എസ്.ടി.പിക്ക്. പരിപാലനവുമായി ബന്ധപ്പെട്ട് ധാരണാ പത്രം ഒപ്പുവെയ്ക്കാൻ വൈകുന്നതിനാൽ ലൈറ്റുകൾ തെളിയാൻ ഇനിയും കാത്തിരിക്കണം.

ഗാരന്റി കാലാവധി കഴിഞ്ഞതോടെ ലൈറ്റുകൾ കൂട്ടത്തോടെ മിഴിയടച്ച അവസ്ഥയിലാണ്. അന്താരഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പാതയിൽ കൂരിരുട്ടാണ്.പൊൻകുന്നം മുതൽ തൊടുപുഴവരെ 1100 ലൈറ്റുകളാണ് സ്ഥാപിച്ചത്.40 മീറ്ററാണ് രണ്ടു ലൈറ്റുകൾ തമ്മിലുള്ള അകലം.10 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്.7 മീറ്റർ ഉയരമുള്ള തൂണുകളിൽ 78 വാട്‌സിന്റെ എൽ.ഇ.ഡി.ബൾബുകളാണ് സൗരോർജ്ജത്തിന്റെ സഹായത്താൽ തെളിയുന്നത്.150 ആംപിയറും 24 വാട്‌സ് ശക്തിയുമുള്ള 2 ബാറ്ററികളാണ് ഓരോ തൂണിലും മൂന്നര മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ളത്.

ജനത്തിനെന്ത് പ്രയോജനം

ഇരുട്ടുള്ളപ്പോൾ മാത്രം പ്രകാശിക്കുന്നതാണ് ഈ ലൈറ്റുകൾ.അപകടമേഖലകളിൽ 24 മണിക്കൂറും മിന്നിക്കൊണ്ടിരിക്കുന്ന എൽ.ഇ.ഡി.സിഗ്‌നൽ ലൈറ്റുകളുമുണ്ട്. വഴിവിളക്കുകൾക്കായി കോടികൾ ചിലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഇതുകൊണ്ട് ജനത്തിന് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയാണ്.