അടിമാലി: ഹൈറേഞ്ചിന്റെ പലമേഖലകളിൽ നിന്നും നെൽകൃഷി പാടെ പടിയിറങ്ങിയെങ്കിലും വർഷാവർഷം മുടങ്ങാതെ പാടത്ത് വിത്തെറിയുന്ന ഒരു പറ്റം കർഷകർ ഇപ്പോഴും കുരങ്ങാട്ടിയിലുണ്ട്. കാട്ടുമൃഗശല്യമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചാണ് കർഷകരിവിടെ കതിരു കാക്കുന്നത്. ഇത്തവണ അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് കൂടുതൽ കർഷകർ വിളവെടുപ്പാരംഭിച്ചു. അഞ്ചേക്കറോളം പാടത്ത് നെൽകൃഷിയിറക്കിയ പുളിയമാക്കൽ ജോൺ ബൈനോയുടെ പാടത്തെ കൊയ്ത്തുത്സവം ജില്ലാ പ്രിൻസിപ്പൽ കൃഷി ആഫീസർ വി.ടി. സുലോചന ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെയും യു.എൻ.ഡി.പിയുടെയും ഹരിതകേരള മിഷന്റെയുമൊക്കെ സഹകരണത്തോടെയായിരുന്നു ജോൺ ബൈനോ ഉൾപ്പെടെയുള്ള കർഷകർ കുരങ്ങാട്ടിയിൽ നെൽകൃഷിയിറക്കിയിരുന്നത്. അടിമാലി കൃഷി ആഫീസർ ഷാജി ഇ.കെ, ഹരികേരള മിഷൻ ബ്ലോക്ക് കോ- ഓർഡിനേറ്റർ കെ.ജെ. സെബാസ്റ്റ്യൻ, യു.എൻ.ഡി.പി പ്രോജക്ട് ആഫീസർ ടോണി ജോസ്, യു.എൻ.ഡി.പി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കാർത്തിക. എസ്, ഫെലിക്‌സ് തങ്കച്ചൻ എന്നിവർ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു.