binu

പാലാ: പാലാ നഗരസഭയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിനെ ചെയർമാനാക്കണമെന്ന് സി. പി. എം. ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനവുമായി ജോസ് കെ. മാണി വിഭാഗത്തിലെ ചില കൗൺസിലർമാർ മുന്നോട്ടു പോകുന്നതിനെതിരെയാണ് സി.പി.എം. കർക്കശ നിലപാ‌ടെടുത്ത് രംഗത്തു വന്നത്.

വർഷം തോറും ചെയർമാൻമാരെ മാറ്റുന്നതിനോട് പാർട്ടി യോജിക്കുന്നില്ല. എന്നാൽ ആദ്യ ടേം എടുക്കുന്ന കക്ഷിക്ക് രണ്ടു വർഷവും രണ്ടാം ടേം എടുക്കുന്ന കക്ഷിക്ക് മൂന്നു വർഷവും പദവി കൊടുക്കണമെന്നാണ് സി.പി. എമ്മിന്റെ നിർദ്ദേശം. ബിനുവിനെ ആദ്യ ടേമിൽ ചെയർമാനാക്കണമെന്നും പാർട്ടി ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച ഏരിയാ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് ജില്ലാ കമ്മിറ്റിയിൽ നിന്നാണ്.

ഇതിനിടെ കേരളാ കോൺഗ്രസ് പ്രതിനിധി ആന്റോ ജോസ് പടിഞ്ഞാറെക്കരയാണ് അഞ്ചു വർഷവും ചെയർമാനാവുകയെന്ന നിലയിൽ ചില കേന്ദ്രങ്ങൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഇതാണ് സി. പി. എമ്മിനെ പ്രകോപിപ്പിച്ചത്.
സി.പി.എമ്മിന് ഒരു ടേം പോലും ചെയർമാൻ സ്ഥാനം നൽകാതെ നഗരഭരണം എളുപ്പത്തിൽ നടത്താമെന്നത് ജോസ് വിഭാഗത്തിന്റെ വ്യാമോഹം മാത്രമാണെന്ന് ഘടക കക്ഷിയിലെ ഒരു ഉന്നത നേതാവ് പ്രതികരിച്ചു.