പാലാ : ളാലം മഹാദേവ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഉത്സവം നടത്തുന്നതെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ അഡ്വ. രാജേഷ് പല്ലാട്ട്, പുത്തൂർ പരമേശ്വരൻ നായർ, നാരായണൻകുട്ടി അരുൺ നിവാസ് എന്നിവർ പറഞ്ഞു. കൊടിയേറ്റ് നാളിൽ വൈകിട്ട് 6ന് അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്ര കവാടത്തിൽ പണി തീർത്ത കൊവിഡ് സ്മാരക ശിലാലിഖിതത്തിന്റെയും നവീകരിച്ച ദേവസ്വം റോഡിന്റേയും ക്ഷേത്ര കമാനത്തിന്റേയും സമർപ്പണം നടക്കും.
നവീകരിച്ച റോഡിന്റെ ഉദ്ഘാടനം മാണി സി.കാപ്പൻ എം.എൽ.എയും കൊവിഡ് സ്മാരക ഗോപുരത്തിന്റെ ഉദ്ഘാടനം ജോസ്. കെ.മാണി എം.പിയും നിർവഹിക്കും.
ളാലം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ അധ്യക്ഷത വഹിക്കും. ബിജി ജോജോ ,അഡ്വ. രാജേഷ് പല്ലാട്ട്, പി.ആർ. നാരായണൻകുട്ടി അരുൺ നിവാസ് , മധു, വാസദേവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിക്കും.
തിങ്കളാഴ്ച വൈകിട്ട് 6.30ന് കൊടിക്കൂറയും കയറും സമർപ്പണം. രാത്രി എട്ടിന് തന്ത്രി വിഷ്ണു നമ്പൂതിരിയുടെയും മേൽശാന്തി നാരായണ ഭട്ടതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്.
തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ അഞ്ചിന് ഗണപതിഹോമം, 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് ദീപാരാധന, ചുറ്റുവിളക്ക്.
26ന് വൈകിട്ട് 5. 30 ന് കാഴ്ചശ്രീബലി 8.45ന് ഭരണിപൂജയും ഭരണിയൂട്ടും നടക്കും.
27 ഉച്ചയ്ക്ക് 1ന് ഉത്സവബലിദർശനം. വൈകിട്ട് 6.15ന് പ്രദോഷപൂജയും പന്തിരുനാഴി നിവേദ്യവും.
28ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം. രാത്രി 10.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 29ന്, പള്ളിവേട്ട ഉത്സവം.12.30ന് മകയിരം സദ്യ. വലിയകാണിക്ക രാത്രി 9ന്, പള്ളി നായാട്ട് 11ന്.
30ന് രാവിലെ 9.30ന് കൊടിയിറക്ക് തുടർന്ന് ആറാട്ട് പുറപ്പാട്. 11ന് ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്.
വൈകിട്ട് 6.30ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, രാത്രി 7.30ന് ആൽത്തറ ശ്രീരാജ ഗണപതി ക്ഷേത്രാങ്കണത്തിൽ സ്വീകരണം. ഒമ്പതിന് ഇറക്കിപൂജയും ചുറ്റുവിളക്കും.