കറുകച്ചാൽ : ബി.ജെ.പിയിൽ ചേർന്ന സി.പി.എം ബ്രാഞ്ച് സെക്രട്ടറി ചമ്പക്കര ബുധനാകുഴി സാബു ചെറിയാന് വധഭീഷണി. ഇത് സംബന്ധിച്ച് കറുകച്ചാൽ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് സാബു ബി.ജെ. പിയിൽ അംഗത്വമെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവർത്തകർ സാബുവിന്റെ വീടിന് മുൻപിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു. സംഘർഷാവസ്ഥ ഉണ്ടായതോടെ കറുകച്ചാൽ പൊലീസ് എത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം സി.പി.എം പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബിജുകുമാറിനെതിരെ സാബു വധഭീഷണി മുഴക്കിയെന്നാണ് സി.പി.എം പറയുന്നത്.