bus

കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആറു മാസമായി ഷെഡ്ഡിൽ കിടക്കുന്നത് 250 സ്വകാര്യ ബസുകൾ. അരലക്ഷം രൂപയെങ്കിലും മുടക്കിയെങ്കിലേ ഇവ നിരത്തിലിറക്കാൻ സാധിക്കൂ. ആയിരം ബസുകൾ സർവീസ് നടത്തിയിരുന്ന ജില്ലയിലെ സ്വകാര്യ ബസ് മേഖല ഇനിയും പൂർണ സജ്ജമായിട്ടില്ല.
ജില്ലയിൽ പുനരാരംഭിച്ചവയിൽ ഏറെയും കോട്ടയം സിറ്റി സർവീസുകളാണ്. ഏതാനും എറണാകുളം സർവീസുകളും ആരംഭിച്ചിട്ടുണ്ട്. മുടങ്ങിയതിൽ ഏറെയും കട്ടപ്പന, കുമളി സർവീസുകളാണ്. പാലാ , വൈക്കം റൂട്ടിൽ കെ.എസ്.ആർ.ടി.സി സജീവമായതിനാൽ സ്വകാര്യബസുകൾ കാര്യമായി ഓടിത്തുടങ്ങിയിട്ടില്ല. വരുമാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ജി ഫോം നല്‍കി സര്‍വീസ് നടത്തിയ ബസുകളില്‍ പകുതി കൂടി അടുത്ത മാസം ഓടിത്തുടങ്ങും.

വരുമാനം കുറഞ്ഞു

ലോക്ക് ഡൗണിനു ശേഷം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. നിലവില്‍ ഹ്രസ്വദൂര സര്‍വീസുകളുടെ വരുമാനം 7000 രൂപ വരെയാണ്. ലോക്ഡൗണ്‍ ആരംഭത്തിൽ ഡീസലിനു മാത്രം 10 രൂപയുടെ വര്‍ദ്ധനയുണ്ടായി. ജനുവരി ഒന്നിനു ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ നികുതി, ക്ഷേമനിധി, ജി.പി.എസ്. എന്നിവയ്ക്കായി പണം മുടക്കണം. ത്രൈമാസ നികുതി പകുതിയായി കുറച്ചെങ്കിലും കുറഞ്ഞത് 15000 രൂപ വേണ്ടി വരും, ക്ഷേമനിധിയിലേക്ക് 4500 രൂപയും ജി.പി.എസ്. ഘടിപ്പിക്കുന്നതിനു 10000 രൂപയും വേണം. പെര്‍മിറ്റ് പുതുക്കൽ, ടെസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള പണച്ചെലവ് വേറെ. മിക്ക ബസുകളുടെയും ബാറ്ററി നശിച്ചു. ടയര്‍, എന്‍ജിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബുഷുകള്‍ എന്നിവ ഉറഞ്ഞു പോയി. സീറ്റുകളിലും ഉള്‍വശത്തും പൂപ്പല്‍ ബാധിച്ചു. ഇവയെല്ലാം മാറ്റി പെയിന്റ് ചെയ്താലേ സര്‍വീസ് നടത്താനാവൂ. എന്നാല്‍, ആവശ്യത്തിനു യാത്രക്കാരില്ലെങ്കില്‍ കടം പിന്നെയും വര്‍ദ്ധിക്കുമെന്നും ഉടമകള്‍ പറയുന്നു.

'2021 മാര്‍ച്ച് വരെ നികുതി ഒഴിവാക്കിയും കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ അനുവദിച്ചും കെ.എസ്.ആര്‍.ടി.സി.യെ സഹായിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ ബസുകളെ തഴയുകയാണ്. സ്വകാര്യ ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടു പോകാന്‍ അനുവാദമില്ല.
ഓടാതെ കിടക്കുന്ന ബസുകള്‍ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ വന്‍ പണച്ചെലവുണ്ട്. "

ടി.എസ്. സുരേഷ്,

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ജില്ലാ ജനറല്‍ സെക്രട്ടറി

കെ.എസ്.ആർ.ടി.സി ഇന്നു മുതൽ സജീവമാകും

കോട്ടയം: കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നു മുതൽ സജീവമാകും. കഴിഞ്ഞ രണ്ടു ദിവസം പരീക്ഷണാർത്ഥം നടത്തിയ 40 വീതം സർവീസുകൾ വിജയകരമായിരുന്നു. ഇതേത്തുടർന്ന് ഇന്നു മുതൽ 60 സർവീസുകൾ വീതം നടത്തും.കൊവിഡിനു മുൻപ് കോട്ടയം ഡ‌ിപ്പോയിൽ 120 സർവീസുകൾ വരെ ഒരു ദിവസം നടത്തിയിരുന്ന സ്ഥാനത്ത് കൊവിഡിനു ശേഷം ശരാശരി 30 സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാലത്ത് ദിവസം കഷ്‌ടിച്ചു രണ്ടു ലക്ഷം രൂപ വരെയായിരുന്നു വരുമാനം. അടുത്തിടെ വരുമാനത്തിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്.

ഗ്രാമീണ മേഖലയിലേയ്‌ക്കുള്ള ഓർഡിനറി സർവീസുകളടക്കം ഇന്ന് പുനരാരംഭിക്കുന്നതിനാണ് നീക്കം.

ആകെ ബസ് - 102

കേടായിക്കി‌ടക്കുന്നവ - 25

കണ്ടക്‌ടർമാർ - 138

ഡ്രൈവർമാർ - 198