
കോട്ടയം: കോട്ടയം നഗരസഭ 52 ാം വാർഡിലെ സ്വതന്ത്ര ബിൻസി ഇന്നലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തി ഉമ്മൻചാണ്ടി എം.എൽ.എയെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും പിന്തുണ അറിയിച്ചു. ഇതോടെ ഇരുമുന്നണിക്കും 22 വീതം അംഗങ്ങളായി. ഇനി അദ്ധ്യക്ഷ പദം ടോസിട്ട് തീരുമാനിക്കേണ്ടിവരും. എട്ട് അംഗങ്ങളുള്ള ബി.ജെ.പി വോട്ടെടുപ്പിൽ പങ്കെടുക്കാനിടയില്ല.
അദ്ധ്യക്ഷ സ്ഥാനം അടക്കം വാഗ്ദാനം ചെയ്ത് സി.പി.എം നേതാക്കൾ ബിൻസിയെ സമീപിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിയ്ക്കാൻ തയ്യാറാവുകയാണെന്ന് ബിൻസി പറഞ്ഞു. യഥാർത്ഥ കോൺഗ്രസ്, യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന പ്രചാരണമാണ് ഇവർ വാർഡിൽ ഉയർത്തിയിരുന്നതും. ബിൻസിക്കൊപ്പം നിൽക്കുന്ന പ്രവർത്തകരുടെ ഇന്നലെ ചേർന്ന യോഗം യു.ഡി.എഫിനൊപ്പം നിൽക്കാനാണ് നിർദേശിച്ചത്. ഇത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.
ഇന്നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. 28 ന് ചെയർപേഴ്സൺ തിരഞ്ഞെടുപ്പു നടക്കും. അഞ്ചു വർഷവും അദ്ധ്യക്ഷ സ്ഥാനം നൽകണമെന്ന ബിൻസിയുടെ ആവശ്യം കോൺഗ്രസ് അംഗീകരിക്കുമെന്നാണ് സൂചന.