
പാലാ : രാമപുരത്ത് പിന്നാക്കക്കാരി പ്രസിഡന്റ് ആകാനോ....? വേണ്ടേ വേണ്ട! തീരുമാനം 'വലിച്ച് നീട്ടി' കോൺഗ്രസ് രാമപുരം പ്രാദേശിക നേതൃത്വം.
രാമപുരം ഗ്രാമപ്പഞ്ചായത്തിലെ 18 അംഗ ഭരണസമിതിയിൽ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. എന്നാൽ 8 അംഗങ്ങളുള്ള യു.ഡി. എഫ്. ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് 6 സീറ്റും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ടു സീറ്റും ലഭിച്ചു.
കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് 5 സീറ്റും എൻ.ഡി.എ. യ്ക്ക് 3 സീറ്റുമുണ്ട്. രണ്ടു പേർ സ്വതന്ത്രരായും വിജയിച്ചു. ജി.വി. വാർഡിൽ നിന്ന് ഇടത്, എൻ.ഡി.എ. സ്വതന്ത്ര സ്ഥാനാർത്ഥികളെയും കോൺഗ്രസ് റിബലിനെയും ഉൾപ്പെടെ 4 പേരെ തറപറ്റിച്ച് വിജയകിരീടമണിഞ്ഞത് കോൺഗ്രസ് അംഗവും ഈഴവ സമുദായക്കാരിയുമായ ഷൈനി സന്തോഷാണ്.
മുമ്പ് രണ്ടു ടേമിലും ജി.വി. വാർഡിനെ പ്രതിനിധീകരിച്ച ഷൈനി സന്തോഷ് വൈസ് പ്രസിഡന്റായും പ്രസിഡന്റായും സ്തുത്യർഹമായ സേവനം നടത്തിയ ആളുമാണ്.
ഇത്തവണ പ്രസിഡന്റ് പദവി വനിതാ സംവരണമായ രാമപുരം പഞ്ചായത്തിലേക്ക് ഈ സ്ഥാനം കണ്ണും നട്ട് മത്സരിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുകൂടിയായ മോളി പീറ്ററായിരുന്നു. ഇവർ എട്ടു നിലയിൽ പൊട്ടി. ഇപ്പോൾ ജയിച്ചു കയറിയവരിൽ കോൺഗ്രസിലെ മുതിർന്ന അംഗമായ ഷൈനി സന്തോഷിനാണ് ന്യായമായും പ്രസിഡന്റ് പദവി ലഭിക്കേണ്ടത്. എന്നാൽ ഷൈനി ഈഴവ വിഭാഗത്തിൽപ്പെട്ടയാളാണെന്ന 'അയോഗ്യത' രഹസ്യമായി ചാർത്തിക്കൊടുക്കുന്ന ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ, പ്രസിഡന്റ് പദവിയിലേക്കുള്ള പേര് പ്രഖ്യാപനം വലിച്ചു നീട്ടുകയാണ് .
ഇതിനിടെ ഇത്തവണ പഞ്ചായത്തു സമിതിയിലേക്ക് ആദ്യമായി ജയിച്ചു വന്ന സൗമ്യ സേവ്യറെ പ്രസിഡന്റാക്കാൻ ഒരു വിഭാഗം നേതാക്കൾ കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തുകയാണ്.
ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചനെ പ്രസിഡന്റാക്കാനും ചിലർ ചരടുവലികൾ നടത്തുന്നു. സൗമ്യയോ, ലിസമ്മയോ ആയാലും വേണ്ടില്ല, ഷൈനി പ്രസിഡന്റാകരുതെന്ന സന്ദേശങ്ങളും, ജനവിധിയിൽ തോറ്റമ്പിയ ചില നേതാക്കൾ കൈമാറുന്നതായി ആക്ഷേപമുണ്ട്.
ഒരു സ്വതന്ത്രനെ കൂട്ടുപിടിച്ച് എത്രയും വേഗം ഷൈനി സന്തോഷിനെ പ്രസിഡന്റാക്കണമെന്ന് വിജയിച്ച കോൺഗ്രസ് മെമ്പർമാരിൽ ഭൂരിപക്ഷവും ആവശ്യമുയർത്തിയിട്ടും രാമപുരത്തെ കോൺഗ്രസ് നേതൃത്വം കണ്ണു തുറക്കുന്നില്ല .