pala

പാലാ : നഗരസഭാ ചെയർമാൻ സ്ഥാനം അഞ്ചു വർഷവും തങ്ങൾക്ക് വേണമെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗം വ്യക്തമാക്കി. ഇക്കാര്യം ഇടതുമുന്നണിയിലെ സി. പി. എം. ഉൾപ്പെടെയുള്ള ഘടകകക്ഷികളെ അറിയിക്കുമെന്നും ഒരു ഉന്നത നേതാവ് പറഞ്ഞു. പാലാ ഞങ്ങളുടെ ആസ്ഥാനമാണ്. അതു കൊണ്ടു തന്നെ ഇവിടെ 5 വർഷവും ചെയർമാൻ സ്ഥാനം ലഭിക്കണം. വൈസ് ചെയർപേഴ്‌സൺ സ്ഥാനം ഘടകകക്ഷികൾക്ക് വിട്ടു നൽകാൻ തയ്യാറാണ്. ഇക്കാര്യം സി.പി.എം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോസ് വിഭാഗത്തിൽ നിന്ന് പ്രധാനമായും ആന്റോ പടിഞ്ഞാറെക്കര, ഷാജു തുരുത്തൻ എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേയ്ക്ക് പറഞ്ഞു കേൾക്കുന്നത്. ആന്റോ പാർട്ടി മണ്ഡലം പ്രസിഡന്റാണ്. ഷാജു തുരുത്തൻ മുതിർന്ന അംഗവുമാണ്. നഗരസഭാ ചെയർമാൻ സ്ഥാനം ഘടക കക്ഷികൾക്ക് വീതം വെയ്ക്കുന്നതിനോട് ജോസ് വിഭാഗം നേതൃത്വത്തിനു യോജിപ്പില്ലെങ്കിലും ഷാജു തുരുത്തന് അവസരം കൊടുക്കാനും നീക്കമുണ്ട്.

പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിനു വേണ്ടി സി.പി. എം. പാലാ ഏരിയാ കമ്മിറ്റി ശക്തമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും തൽക്കാലം ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം.

ഇവിടെ പ്രാദേശിക ഘടകത്തിന്റെ സമ്മർദ്ദം മുറുകിയാൽ സി.പി.എം സംസ്ഥാന നേതാക്കളുമായി നേരിട്ടിടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കാനാകുമെന്നാണ് ജോസ് വിഭാഗം കരുതുന്നത്.