
കട്ടപ്പന: കുമളി അതിർത്തി ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വാഹനത്തിൽ രേഖകളില്ലാതെ കൊണ്ടുവന്ന അരക്കോടി രൂപ പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി ഡി. രാജീവിനെയും ഇയാൾ ഓടിച്ചിരുന്ന ഫോർഡ് ഐക്കൺ കാറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർദ്ധരാത്രിയാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കാറിന്റെ പിൻസീറ്റിൽ ബാഗിലാണ് 500ന്റെ കെട്ടുകളാക്കി പണം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. നോട്ടുകൾ വ്യാജമാണോയെന്നു പൊലീസ് പരിശോധിക്കും. കൂടാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും വിവരമറിയിക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ പി.ഇ. ഷൈബു, പ്രിവന്റീവ് ഓഫീസർ ഇ.എച്ച്. യൂനസ്, ടി.കെ. വിനോദ്, സി.ഇ.ഒ. രഞ്ജിത് കവിദാസ് എന്നിവരാണ് പരിശോധന നടത്തിയത്.